കൊച്ചി: നഗരത്തിലെ കെട്ടിട ഉടമകൾക്ക് സേവന ഉപനികുതി ചുമത്താനുള്ള നഗരസഭാ തീരുമാനത്തെ എതിർക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. കെട്ടിട ഉടമകളുമായി ചർച്ച ചെയ്യാതെ ഏകപക്ഷീയമായാണ് നടപടി സ്വീകരിച്ചത്. ഇത് ഇന്നത്തെ കൗൺസിലിൽ ശക്തമായി എതിർക്കുമെന്ന് പ്രതിപക്ഷനേതാവ് കെ.ജെ. ആന്റണി പറഞ്ഞു. കെട്ടിടത്തിനു സമീപമുള്ള ശുചിത്വപരിപാലനം, തെരുവുവിളക്ക്, റോഡ്, കാന എന്നിവ ശരിയായി നടപ്പിൽ വരുത്തിയതിനുശേഷം മാത്രമേ ഉപനികുതി ചുമത്താവൂ എന്ന് നഗരസഭാ ചട്ടത്തിൽ പറയുന്നുണ്ട്. ഇതിന് നടപടി സ്വീകരിക്കാതെയും മേഖല തിരിക്കാതെയുമുള്ള നികുതി അംഗീകരിക്കാനാകില്ല. നികുതി പിരിക്കുന്നതിൽ നഗരസഭയുടെ അലംഭാവം മറയ്ക്കാനാണ് പുതിയ നികുതിയെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
നഗരസഭാ പരിധിയിലെ കെട്ടിട ഉടമകൾക്ക് സേവന ഉപനികുതി കൂടി ചുമത്താൻ കഴിഞ്ഞ ദിവസം ചേർന്ന ധനകാര്യ സമിതി ശുപാർശ ചെയ്തിരുന്നു. കെട്ടിടം സ്ഥിതിചെയ്യുന്ന ഭൂമിയിലോ സമീപ പ്രദേശങ്ങളിലോ ശുചിത്വ പരിപാലനം, ജലവിതരണം, തെരുവുവിളക്ക്, അഴുക്കുചാൽ തുടങ്ങിയ സേവനങ്ങൾ ഏർപ്പെടുത്തുന്നതിനായാണ് ഉപനികുതിയെന്ന അധികനികുതി. 2011 ലെ മുനിസിപ്പാലിറ്റി ചട്ടം അനുസരിച്ചാണ് കെട്ടിടത്തിന്റെ വസ്തുനികുതിയുടെ പത്തു ശതമാനത്തിൽ കുറയാത്ത തുക ഉപനികുതിയായി ഈടാക്കാൻ അനുമതി നൽകിയിരിക്കുന്നത്.
കഴിഞ്ഞവർഷം ഏപ്രിലിലാണ് കൗൺസിൽ ഈ വിഷയം പരിഗണിച്ചത്. അന്ന് എതിർപ്പുണ്ടായതിനെ തുടർന്ന് വിശദമായ ചർച്ചയ്ക്കായി മാറ്റിവയ്ക്കുകയായിരുന്നു. വിഷയം വീണ്ടും പരിഗണിച്ച ധനകാര്യ സ്ഥിരംസമിതി ഈ സാമ്പത്തികവർഷം മുതൽ തന്നെ ഉപനികുതി ഈടാക്കാമെന്നു നിർദേശിക്കുകയായിരുന്നു. അതേസമയം കൗൺസിൽ അംഗീകരിച്ചാൽ മാത്രമേ വസ്തുനികുതിക്കൊപ്പം ഉപനികുതി കൂടി ഈടാക്കാൻ കഴിയുകയുള്ളു.