മൂവാറ്റുപുഴ: മഴ കനത്തതും പതിവായ വൈദ്യുതിമുടക്കവും മുതലെടുക്കാൻ മോഷ്ടാക്കൾ രംഗത്തെത്തിയതായി സൂചന. നഗരത്തിലും നാട്ടിൻപുറങ്ങളിലും മോഷണം വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് പൊലീസിന്റെയും റസിഡന്റ്സ് അസോസിയേഷനുകളുടേയും നീരീക്ഷണം.
കഴിഞ്ഞവർഷവും മഴപിടിച്ചതോടെ മൂവാറ്റുപുഴയിലും പരിസരങ്ങളിലും നിരവധി മോഷണങ്ങൾ നടന്നിരുന്നു. മഴക്കാലമെത്തുന്നതോടെ കവർച്ചാ സംഘം മൂവാറ്റുപുഴയിൽ തമ്പടിക്കുന്നത് പതിവാണ് . മൂവാറ്റുപുഴ സ്റ്റേഡിയം, കെ.എസ്.ആർ.ടി.സി ഡിപ്പോ എന്നിവയ്ക്ക് സമീപങ്ങളിലായി നിരവധി നാടോടി സംഘങ്ങൾ തമ്പടിക്കാറുണ്ട്. ഈ നാടോടി സംഘങ്ങളിൽപ്പെട്ടവർ പകൽ നടന്ന് മോഷ്ടിക്കേണ്ട വീടുകൾ കണ്ടെത്തുകയും രാത്രിയിൽ ഈ വീടുകളിൽ മോഷണം നടത്തുകയും ചെയ്യുകയാണ് പതിവെന്ന് നാട്ടുകാർ ആരോപിക്കുന്നു. മോഷണം നടത്തുന്ന സംഘം ഉടനെ സ്ഥലം വിടുന്നതിനാൽ ഇവരെ കണ്ടെത്തുക പ്രയാസകരമാണ്. ഇതിനാലാണ് മോഷ്ടാക്കൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് റസിഡന്റ്‌സ് അസോസിയേഷനുകൾ ആവശ്യപ്പെടുന്നത്.
റസിഡന്റ്സ് അസോ. മുന്നറിയിപ്പ്
ദിവസങ്ങളോളം വീടുപൂട്ടി പുറത്തുപോകുന്നവർ പൊലീസിൽ വിവരമറിയിക്കണം , പത്രം, പാൽ തുടങ്ങിയവ വീട്ടുവരാന്തയിൽ കിടക്കുന്ന അവസ്ഥ ഒഴിവാക്കണം. സ്വർണവും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റണം. കോളിംഗ് ബെൽ, പൈപ്പുതുറന്നു വെള്ളം പോകുന്ന ശബ്ദം എന്നിവ കേട്ടാൽ പെട്ടെന്ന് വാതിൽ തുറന്നു പുറത്തിറങ്ങാതിരിക്കുക , പുറത്തു നിൽക്കന്നയാൾ ആരെന്ന് ജനലിലൂടെ നോക്കി മനസിലാക്കിയതിനു ശേഷം മാത്രം വാതിൽ തുറക്കുക. സംശയകരമായ സാഹചര്യങ്ങളിൽ പരിചിതരല്ലാത്തവരെ കണ്ടാൽ വിവരം പൊലീസിലോ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളെയോ അറിയിക്കണം. സാഹചര്യം അനുകൂലമാണെങ്കിൽ പുറത്തുള്ളവരുടെ ഫോട്ടൊ എടുക്കണം. മോഷ്ടാക്കൾ വാതിൽ തകർക്കാൻ സാദ്ധ്യതയുള്ളതിനാൽ വെട്ടുകത്തി, പാര , തൂമ്പ, കോവണി തുടങ്ങിയവ വീടിനു പുറത്ത് സൂക്ഷിക്കരുത്.
പൊലീസും ജാഗ്രതപുലർത്തണം
മോഷ്ടാക്കൾക്കെതിരെ പൊലീസും തികഞ്ഞ ജാഗ്രത പാലിക്കണം. ഇത്തരം സംഘങ്ങളെ കണ്ടെത്താൻ പ്രത്യേക പരിശീലനം നേടിയ സ്‌ക്വാഡിന്റെ പ്രവർത്തനം ഊർജിതമാക്കണം. നൈറ്റ് പട്രോളിംഗും ശക്തമാക്കണമെന്ന് താലൂക്ക് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ.. ജോസുകുട്ടി ജെ. ഒഴുകയിൽ ആവശ്യപ്പെട്ടു.