ആലുവ: ആലുവ നഗരസഭ കൗൺസിലിൽ ഇന്നലെ അജണ്ടയായി വന്ന രണ്ട് വിവാദ നിർദ്ദേശങ്ങളും നടപ്പായില്ല. സിമന്റ് ഗോഡൗണിന് ലൈസൻസ് നൽകുന്നത് ജനവിരുദ്ധ നടപടിയാണെന്ന് ഭരണപക്ഷത്ത് നിന്നുകൂടി എതിർപ്പുയർന്നതോടെ കൗൺസിലർമാർ സ്ഥലം സന്ദർശിച്ച ശേഷം അന്തിമ തീരുമാനമെടുക്കാനായി മാറ്റി. അതേസമയം, വിഷയത്തിൽ പ്രതിപക്ഷ കൗൺസിലർമാർ മൗനം പാലിച്ചതും ദുരൂഹമാണ്.
മുനിസിപ്പൽ ഗ്രൗണ്ട് പാട്ടത്തിന് നൽകുന്നതിൽ പ്രതിപക്ഷം ശക്തമായി എതിർത്തു. ഭരണപക്ഷത്തെയും ചില സ്വതന്ത്രരുടെയും പിന്തുണ ലഭിച്ചു. ഇതോടെ ആ നിർദ്ദേശവും നഗരസഭക്ക് ഉപേക്ഷിക്കേണ്ടി വന്നു. മുൻ കൗൺസിൽ ഗ്രൗണ്ട് ഫുട്‌ബോൾ കളിക്കുന്നതിന് മാത്രം ഉപയോഗിച്ചാൽ മതിയെന്നാണ് തീരുമാനിച്ചിട്ടുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ പറഞ്ഞു. കളപറിക്കൽ, വളമിടൽ എന്നിവയക്കല്ലാതെ ഗ്രൗണ്ട് അടച്ചിടരുതെന്നും അല്ലാത്തപ്പോൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കണമെന്നും ആവശ്യപ്പെട്ടു.
സ്വകാര്യ ക്ളബ് ഗ്രൗണ്ട് സ്വന്തമായി ഉപയോഗിക്കുകയാണെന്നും അല്ലാത്തപ്പോൾ നഗരസഭയുടെ അനുമതിയില്ലാതെ പ്രവേശനം നിഷേധിച്ച് ബോർഡ് സ്ഥാപിക്കുന്നതായും ആക്ഷേപമുണ്ടായിരുന്നു.