കൊച്ചി : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ മെഡിക്കൽ ഒാഫീസ്, ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ മാനസികാരോഗ്യ പദ്ധതി എന്നിവയുടെ ആഭിമുഖ്യത്തിൽ നാളെ (തിങ്കൾ) കാക്കനാട് ബോർസ്റ്റൽ സ്കൂളിൽ പുനർജനിയെന്ന പേരിൽ ലഹരി വിമോചന പദ്ധതി തുടങ്ങും. രാവിലെ പത്തിന് നടക്കുന്ന ചടങ്ങിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ശാലീന. വി.ജി. നായർ പദ്ധതി ഉദ്ഘാടനം ചെയ്യും. മദ്ധ്യമേഖലാ ജയിൽ ഡി.ഐ.ജി സാം തങ്കയ്യൻ അദ്ധ്യക്ഷത വഹിക്കും. മെഡിക്കൽ, എക്സൈസ് വകുപ്പുകളിലെ പ്രമുഖർ പങ്കെടുക്കും. ലഹരിക്കെതിരായ ബോധവത്കകരണം, സ്ക്രീനിംഗ്, ആവശ്യമുള്ളവർക്ക് കൗൺസലിംഗ്, തുടർ ചികിത്സ എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ മെഡിക്കൽ ഒാഫീസർ ഡോ. എൻ.കെ. കുട്ടപ്പൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ആർ. വിദ്യ, ജില്ലാ മാനസിക ആരോഗ്യ പദ്ധതി നോഡൽ ഒാഫീസർ ഡോ. ജി. അനൂപ്, ഗവ. ബോർസ്റ്റൽ സ്കൂൾ സൂപ്രണ്ട് കെ.ജെ. തോമസ് എന്നിവരും പങ്കെടുത്തു.