കൊച്ചി: കൊച്ചിയുടെ ശ്വാസകോശമെന്നറിയപ്പെടുന്ന മംഗളവനത്തോടു ചേർന്ന് 17.9 ഏക്കർ സ്‌ഥലത്ത് 3100 കോടി രൂപ മുതൽമുടക്കി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന മെഗാ എക്‌വിബിഷൻ സിറ്റി പദ്ധതിയിൽനിന്ന് സംസ്ഥാന സർക്കാർ പിൻമാറണമെന്ന് ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് വാച്ച് ആവശ്യപ്പെട്ടു. കൊച്ചി നഗരത്തിൽ ഇനി അവശേഷിക്കുന്ന ഏക പച്ചപ്പാണ് മംഗളവനം. ദേശാടനപക്ഷികളുടെ ആവാസകേന്ദ്രമായ മംഗളവനത്തെ നശിപ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും ഇതിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും കേന്ദ്രസമിതി യോഗം തീരുമാനിച്ചു. പ്രസിഡന്റ് ഫെലിക്സ്.ജെ.പുല്ലാടൻ അദ്ധ്യക്ഷനായി. ജോർജ് കാട്ടുനിലത്ത്, പി.എ. ഷാനവാസ്, അരുൺ വർഗീസ് പറമ്പിൽ, ഡോ. ശ്രീകുമാർ, പ്രമോദ് തുമ്മാർകുടി, ആന്റണി മുക്കത്ത്, കെ.വി. കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.