പറവൂർ: പ്രളയത്തിൽ എല്ലാം നഷ്‌ടപ്പെട്ടവർക്ക് ജീവിതം തിരികെ പിടിക്കാൻ തങ്ങളുടെ പങ്ക് നൽകാനായി ഇന്നലെ കൊച്ചി മേയറും മകളും പറവൂരിലെത്തി. മകളുടെ വിവാഹാഘോഷത്തിനായി മാറ്റിവച്ച തുക കൊണ്ടു പണികഴിപ്പിച്ച വീട് പാലതുരുത്ത് കാവുങ്കൽ പറമ്പിൽ ഗോപാലകൃഷ്ണന് കൈമാറി. " പുനർജനി പറവൂരിനു പുതുജീവൻ' എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ വീട് നിർമ്മിച്ചത്. കഴിഞ്ഞവർഷം ഡിസംബറിൽ വീടിന് തറക്കല്ലിട്ട് പണി തുടങ്ങി. പുതിയ വീടിന്റെ താക്കോൽ സൗമിനി ജെയിനും മകൾ പത്മിനി ജെയിനും ചേർന്ന് ഇന്നലെ ഗോപാലകൃഷ്ണന് കൈമാറി. വി.ഡി. സതീശൻ എം.എൽ.എ. ചടങ്ങിൽ പങ്കെടുത്തു.
പത്മിനിയും മാവേലിക്കര സ്വദേശി അഖിലുമായുള്ള വിവാഹം കഴിഞ്ഞ ആഗസ്റ്റ് 22 ന് എറണാകുളം ടി.ഡി.എം ഹാളിലാണ് നടന്നത്. മൂവായിരം പേരെയാണ് വിവാഹത്തിലേക്ക് ക്ഷണിച്ചിരുന്നത്. വിവാഹ ഒരുക്കങ്ങൾക്കിടെയാണ് നാടിനെ സങ്കടക്കടലിലാക്കി പ്രളയത്തിന്റെ വരവ്. വിവാഹത്തിരക്കുകൾ മാറ്റിവച്ച് മേയറും കുടുംബവും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങി.
പ്രളയത്തിൽ പെട്ടവരുടെ നിസഹായാവസ്ഥ നേരിൽ കണ്ടതോടെ വിവാഹാഘോഷങ്ങൾ വെട്ടിച്ചുരുക്കാൻ തീരുമാനിച്ചു.അതിഥികളുടെ എണ്ണം 150 ലേക്ക് ചുരുക്കി. താലികെട്ട് ഹാളിലെ ചെറിയ മുറിയിലേക്ക് മാറ്റി. മുല്ലപ്പൂ മണ്ഡപം ഒഴിവാക്കി. സദ്യയുടെ വിഭവങ്ങൾ വെട്ടിച്ചുരുക്കി. സംഗീതകച്ചേരി വേണ്ടെന്നുവച്ചു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി ഹോട്ടലുകളിൽ ബുക്ക് ചെയ്തിരുന്ന മുറികൾ റദ്ദാക്കി. തലേന്നത്തെ പാർട്ടി ഒഴിവാക്കി. ഇങ്ങനെ വിവിധ വഴികളിലൂടെ ലഭിച്ച സമാഹരിച്ച തുകയാണ് പുനർജനിയിലേക്ക് സംഭാവന ചെയ്തത്.ചേന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂബ്, കെ. പി. ധനപാലൻ. എ.എം. ഇസ്മയിൽ, പദ്മിനി ജെയിൻ, പ്രമോദ് ബി.മേനോൻ തുടങ്ങിയവർ പങ്കെടുത്തു. പതിനഞ്ച് വർഷം മുമ്പ് മരത്തിൽനിന്ന് വീണ് പരിക്കേറ്റ് മുച്ചക്ര വാഹനത്തിൽ ലോട്ടറി വിൽപ്പന നടത്തി കഴിയുകയാണ് ഗോപാലകൃഷ്ണൻ.