palam
ചൂർണിക്കര എടമുളയിൽ പെരിയാറിന് കുറുകെ സ്വകാര്യ വ്യക്തി അനധികൃതമായി നിർമ്മിച്ച താത്കാലിക പാലം ആലുവ താലൂക്ക് സമിതിയംഗങ്ങൾ സന്ദർശിക്കുന്നു.

പാലം അനധികൃതമെന്ന് കണ്ടെത്തൽ, രാത്രിയിൽ മണൽ കടത്തും

ആലുവ: ഇടമുള പുഴയ്ക്ക് കുറകെ നിർമ്മിച്ചിരിക്കുന്ന പാലം അനധികൃതമാണെന്ന് ആലുവ താലൂക്ക് വികസന സമിതിയംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത പരിശോധനയിൽ കണ്ടെത്തി. പരാതിയെ തുടർന്നാണ് പാലം നേരിട്ട് പരിശോധിക്കാനെത്തിയത്. ഇപ്പോൾ നിർമ്മിച്ചിരിക്കുന്നത് താത്കാലിക പാലമാണെങ്കിലും സ്ഥിരം പാലമാക്കാനുള്ള കോൺക്രീറ്റ് ബീമുകൾ സമീപത്തായി നിർമ്മിച്ചിരിക്കുന്നതായും കണ്ടെത്തി.
പുഴയ്ക്ക് ഇരുവശവും സ്വകാര്യ വ്യക്തിയുടെ ഭൂമിയാണ്. പഞ്ചായത്തിന്റെയോ ജലസേജനവകുപ്പിന്റെയോ അനുമതിയില്ലാതെയാണ് സ്ഥലയുടമ പാലം തീർത്തിരിക്കുന്നത്. ദ്വീപിൽ പലഭാഗത്തായി മണൽ കുഴിച്ചെടുത്തതായും അന്വേഷണ സംഘം കണ്ടെത്തി. രാത്രി കാലങ്ങളിൽ പാലത്തിലൂടെ അനധികൃമായി മണൽ കടത്ത് നടത്തുന്നതായും സൂചനയുണ്ട്. അതേ സമയം മത്സ്യ കൃഷി നടത്തുന്നതിന്റെ ഭാഗമായാണ് കുഴിയെടുത്തതെന്ന് സ്ഥലം ഉടമ സമിതിയംഗങ്ങളോട് പറഞ്ഞു. ഡെപ്യൂട്ടി തഹസിൽദാർ സി.എം. ആന്റണി, താലൂക്ക് വികസന സമിതി സെക്രട്ടറി കെഎൻ. ബിജു, ചൂർണിക്കര വില്ലേജ് ഓഫീസർ വി.ആർ. അജിത കുമാരി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായ എം.എൻ. ഗോപി, ഡൊമനിക് കാവുങ്കൽ, വി.എം. സലീം, കെ.പി. കൃഷ്ണൻകുട്ടി എന്നിവരാണ് കമ്മിറ്റിയിൽ നിന്ന് പാലം സന്ദർശിക്കാനെത്തി.

#റിപ്പോർട്ട് സമർപ്പിക്കും


അടുത്ത താലൂക്ക് വികസന സമിതിയിൽ റിപ്പോർട്ട് സമർപ്പിക്കും. കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തിൽ കേരള കോൺഗ്രസ് ജേക്കബ്ബ് ഗ്രൂപ്പ് പ്രതിനിധി ഡൊമനിക് കാവുങ്കലാണ് വിഷയം അവതരിപ്പിച്ചത്. വർഷങ്ങൾക്ക് ശേഷമാണ് താലൂക്ക് വികസന സമിതിയംഗങ്ങൾ സിറ്റിങിനായി ഒരു സ്ഥലത്ത് നേരിട്ടെത്തിയത്. കമ്മിറ്റിയംഗങ്ങൾ നൽകുന്ന റിപ്പോർട്ട് ജില്ല കളക്ടർക്ക് കൈമാറും.