police

നെടുമ്പാശേരി: പൊലീസ് സബ് ഇൻസ്പെക്ടറുടെയും കുടുംബത്തിന്റെയും കൈയേറ്റം പഞ്ചായത്ത് പരാതി പരിഹാര സമിതിയുടെ നേതൃത്വത്തിൽ പൊളിച്ച് നീക്കി. ചെങ്ങമനാട് പഞ്ചായത്ത് ആറാം വാർഡിലെ പറമ്പയം മടത്തിമൂല വടക്കേൽകുടി റോഡിലെ കയേറ്റവും അനധികൃത നിർമ്മാണവുമാണ് പൊളിപ്പിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശേരിയുടെയും സെക്രട്ടറിയുടെയും നേതൃത്വത്തിൽ പൊലീസിന്റെ സഹായത്തോടെയായിരുന്നു ഒഴിപ്പിക്കൽ. 15 വർഷമായി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള റോഡ് നാല് മാസം മുമ്പ് പറമ്പയം കോടോപ്പിള്ളി ഹമീദും, മകനും എസ്.ഐയുമായ മുഹമ്മദ് ബഷീറും കൈയേറി മതിൽ നിർമ്മിച്ചുവെന്നാണ് പരാതി. കയേറ്റവും അനധികൃത നിർമ്മാണം ബോധ്യപ്പെട്ടതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശ്ശേരി അറിയിച്ചു. നാട്ടുകാരുടെ പരാതി ലഭിച്ചപ്പോൾ തന്നെ എതിർകക്ഷികൾക്ക് രേഖാമൂലം നോട്ടീസ് നൽകിയെങ്കിലും അനധികൃതമായി നിർമ്മാണം നീക്കിയില്ല. തുടർന്ന് പഞ്ചായത്ത് കമ്മിറ്റി ചുമതലപ്പെടുത്തിയ പരാതി പരിഹാര സമിതി ചെയർമാൻ എം.ബി. രവി, പഞ്ചായത്ത് സെക്രട്ടറി ഷീലാകുമാരി എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് തവണ ചർച്ച ചെയ്‌തെങ്കിലും കയ്യേറ്റം ഒഴിയാൻ തയ്യാറായില്ലെന്നും എസ്.ഐ എന്ന അധികാരമുപയോഗിച്ച് ധൈര്യമുണ്ടെങ്കിൽ പൊളിക്കാൻ പഞ്ചായത്ത് ഭരണസമിതിയെ വെല്ലുവിളിക്കുകയായിരുന്നുവെന്നും പറയുന്നു.

പഞ്ചായത്ത് ഭരണ സമിതിയെ വെല്ലുവിളിക്കുകയും പഞ്ചായത്ത് റോഡ് കയേറുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥൻെയും പിതാവിൻെറയും പേരിൽ നിയമ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകും.

ദിലീപ് കപ്രശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്