കാലടി: ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിനോടു ചേർന്നുള്ള മുതല് കടവിൽ 75 ലക്ഷം രൂപ മുടക്കി നിർമ്മിച്ച പ്ലാറ്റ് ഫോമിലെ മേൽക്കൂര തകർന്നു വീണതിനെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് കാലടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വക്കേറ്റ് കെ.ബി സാബു ആവശ്യപ്പെട്ടു. മുൻ എം.എൽ.എ

അഡ്വ.ജോസ് തെറ്റയിലിന്റെ സഹായത്തോടെ മേൽക്കൂര നിർമ്മാണം നടത്തിയതിന്റെ പിഴവുകളെക്കുറിച്ച് നേരത്തെ ആരോപണമുണ്ടായിരുന്നു. അശാസ്ത്രീയമായ രീതിയിലാണ് മേൽക്കൂര നിർമ്മിച്ചിട്ടുള്ളതെന്നും, ഗുണനിലവാരമില്ലാത്ത നിർമ്മാണ സാമഗ്രികൾ ഉപയോഗിച്ച് ,അഴിമതിനിറഞ്ഞ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത ജോസഫ് തന്നെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്നത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും കെ.ബി. സാബു പറഞ്ഞു. 40 ലക്ഷം രൂപ മുടക്കി നിർമ്മിച്ച മുതക്കടവിന്റെ കൽപ്പടവുകൾ കാലടി പഞ്ചായത്ത് ഭരണാധികാരികളുടെ സഹായത്തോടെ കടവിൽ കഴിഞ്ഞ പ്രളയത്തിൽ അടിഞ്ഞുകൂടിയ ലക്ഷക്കണക്കിന് രൂപയുടെ ചെളിമണ്ണ് പരസ്യമായി കൊണ്ടുപോയിട്ടും യാതൊരു നടപടിയും എടുക്കാതിരുന്ന പഞ്ചായത്ത് ഭരണസമിതിയും ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും, ഇനിയും ഇവർക്കെതിരെ നടപടികൾ സ്വീകരിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റും, മുൻ പഞ്ചായത്ത് പ്രസിഡൻറും കൂടിയായ അഡ്വ.കെ.ബി.സാബു പറഞ്ഞു