മൂവാറ്റുപുഴ : ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടിയുള്ള മെഡിക്കൽ ക്യാമ്പ് കല്ലൂർക്കാട് ബി.ആർ.സിയിൽ തുടങ്ങി. നാലു ദിവസം നീളുന്ന ക്യാമ്പിൽ കാഴ്ച, കേൾവി, ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളേയാണ് വിദഗ്ദ്ധ ഡോക്ടർമാർ പരിശോധിക്കുന്നത്. തുടർന്ന് ഇവർക്കുള്ള ചികിത്സാസഹായം, ഉപകരണവിതരണം, വിദ്യാഭ്യാസ സഹായം എന്നിവ നൽകാനാണ് പദ്ധതിയിടുന്നത്. നാല് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ നാനൂറോളം കുട്ടികൾ പങ്കെടുക്കും. ബി.ആർ.സി ഹാളിൽ നടന്ന ചടങ്ങ് ആവോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർഡി എൻ വർഗീസ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.സി. മനു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ.എസ്. റഷീദ, ഡോ. മഞ്ജു രാജഗോപാൽ, എച്ച്.എം പി.കെ. സുജാത, ബെറ്റി എം.ഐ തുടങ്ങിയവർ പ്രസംഗിച്ചു. ക്യാമ്പ് തിങ്കളാഴ്ച സമാപിക്കും.