മൂവാറ്റുപുഴ: നാളികേര ഉല്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിക്കായി മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ ഒരു കോടി രൂപ അനുവദിച്ചതായി എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. ഇതിനായി കല്ലൂർക്കാട്, മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തുകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞവർഷം പായിപ്ര, വാളകം ഗ്രാമപഞ്ചായത്തുകളിൽ പദ്ധതി നടപ്പിലാക്കി.

രോഗംബാധിച്ച തെങ്ങുകൾ വെട്ടിമാറ്റി പുതിയ തെങ്ങിൻ തൈകൾ നടുന്നതടക്കുമുള്ള സംയോജിത കൃഷിപരിപാലനം, കിണർ , മോട്ടോർ, ലിഫ്റ്റ് ഇറിഗേഷൻ പ്രൊജക്ടുകൾ അടക്കമുള്ള ജലസ്വേചന പദ്ധതികൾ, യന്ത്രങ്ങൾ, മൂല്യ വർദ്ധിത ഉല്പന്നങ്ങളുടെ ഉത്പാപാദനം, വിപണനം എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും കൃഷി ഓഫീസർ കൺവീനറുമായി രൂപികരിക്കുന്ന പഞ്ചായത്ത് തല ടെക്‌നിക്കൽ റിസോഴ്‌സ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നിർവഹണം.