കൊച്ചി: കുമ്പ‌ളങ്ങി, വൈറ്റില, വെണ്ണല എന്നിവിടങ്ങളിൽ മതിയായ അംഗസംഖ്യയോടുകൂടി പുതിയ പൊലീസ‌് സ‌്റ്റേഷനുകൾ അനുവദിക്കണമെന്ന‌് കേര‌ള പൊലീസ‌് അസോസിയേഷൻ കൊച്ചി സിറ്റി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജനസംഖ്യയും കേസുകളുടെ എണ്ണവും പരിഗണിച്ച‌് സ‌്റ്റാഫ‌് പാറ്റേൺ പരിഷ‌്കരിക്കുക, വനിതാ പൊലീസുകാരുടെ ഒഴിവുകൾ നികത്തുക, കെ.എ.പി ഒന്നാംബറ്റാലിയനിലെ രണ്ട‌ു കമ്പനി പൊലീസുകാരെ കൊച്ചി സിറ്റിയിലേക്ക‌് നിയമിച്ച‌് നിലവിലെ ജോലിഭാരം കുറയ‌്ക്കുക തുടങ്ങി ആവശ്യങ്ങളും സമ്മേളനം പ്രമേയത്തിലൂടെ ഉന്നയിച്ചു.
പ്രതിനിധി സമ്മേളനം ടൗൺഹാളിൽ മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ‌്തു. കെ.പി.എ സിറ്റി ജില്ലാ പ്രസിഡന്റ‌് എൻ.സി. രാജീവ‌് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.വി.നിഷാദ‌് പ്രവർത്തനറിപ്പോർട്ടും സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി.അനിൽകുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ മുഖ്യപ്രഭാഷണം നടത്തി. എറണാകുളം അസി. കമ്മിഷണർ കെ ലാൽജി, കേരള പൊലീ‌സ‌് ഓഫീസേഴ‌്സ‌് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ.ബിജു, ഇ.കെ.അനിൽകുമാർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ ബിബിൽ മോഹൻ സ്വാഗതവും രഞ‌്ജിത‌് ഹാനി നന്ദിയും പറഞ്ഞു.
പൊതുസമ്മേളനം ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൻ.സി.രാജീവ‌് അദ്ധ്യക്ഷത വഹിച്ചു. കൊച്ചിൻ പൊലീസ‌് ലൈബ്രറി പ്രസിഡന്റ‌് എ.ഡി.അനിൽകുമാർ, റെജിമോൾ, പൊലീസ‌് പെൻഷനേഴ‌്സ‌് അസോസിയേഷൻ ജില്ലാ ജോയിന്റ‌് സെക്രട്ടറി ബേബി ജോസഫ് എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിന്റെ ഭാഗമായി കുടുംബസംഗമം, സെമിനാർ, വിവിധ കലാപരിപാടികൾ എന്നിവയും നടന്നു.