ആലുവ: 'കർഷക ക്ഷേമ ബോർഡ്' അടുത്ത നിയമസഭ സമ്മേളനത്തിൽ പാസാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. ചൂർണിക്കരയിൽ സംസ്ഥാന തല 'ഞാറ്റുവേല ചന്ത' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബില്ല്ഇപ്പോൾ സെലക്ട് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. നാല് ജില്ലകളിലെ കർഷക സിറ്റിംഗ് കഴിഞ്ഞു. ബാക്കി ജില്ലകളിലെ സിറ്റിംഗ് കൂടി കഴിഞ്ഞാൽ 'കർഷക ക്ഷേമ ബോർഡ്' യാഥാർത്ഥ്യമാകും
18 വയസ് മുതൽ 60 വയസ് വരെ പ്രായമായ കർഷകർക്ക് അംഗമാകാം. പെൻഷൻ, അപകട ഇൻഷൂറൻസ്, മക്കളുടെ വിവാഹം, വിദ്യാഭാസം എന്നിവയ്ക്ക് സാമ്പത്തിക സഹായം എന്നിവലഭ്യമാകും. നെൽ കൃഷി പോലെതെങ്ങും കൂട്ടുകൃഷിയായി നടത്താനുള്ള പദ്ധതി ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കർഷകരുടെ കൂട്ടായ്മകളുടെ സഹായത്തോടെ തെങ്ങിന്റെ കൂട്ടുകൃഷി സമ്പ്രദായം ആരംഭിക്കും
അൻവർസാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
കൃഷി അഡീഷണൽ ഡയറക്ടർ ലിജി ജോൺ പദ്ധതി വിശദീകരണം നടത്തി. വരിക്ക പ്ലാവ് നട്ടാണ് മന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. പഞ്ചായത്തിലെ കർഷകൻ ബക്കർഹാജിയ്‌ക്കൊപ്പം വിളക്ക് കൊളുത്തി. 2018-19 വർഷത്തെ മികച്ച ജൈവ പഞ്ചായത്തിനുള്ള പുരസ്‌കാരം വരാപ്പുഴ പഞ്ചായത്തിന് മന്ത്രി സമ്മാനിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലീബ്, കേരള കാർഷിക സർവ്വകലാശാല ഡയറക്ടർ ഓഫ് എക്‌സറ്റൻഷൻ ഡോ.ജിജു പി. അലക്‌സ്, വി.എഫ്.പി.സി.കെ. സജി ജോൺ, വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് അഷറഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അലി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബാബു പുത്തനങ്ങാടി സ്വാഗതവും പ്രിൻസിപ്പൽ കൃഷി ഓഫീസർ ലേഖ കാർത്തി നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന കാർഷിക സെമിനാറിൽ വാഴയുടെ കീടരോഗ നിയന്ത്രണ മാർഗങ്ങളെ കുറിച്ചും വാഴനാര് ഉത്പ്പന്നങ്ങളെ കുറിച്ചും കാർഷിക സർവ്വകാലാശാലയിലെ ഡോ. അനിത ചെറിയാനും ഡോ.എ. സുമയും ക്ലാസെടുത്തു. ഞാറ്റുവേല ചന്തയിൽ കാർഷിക സർവ്വകലാശാല, കൃഷി വകുപ്പ് ഫാമുകൾ, വി.എഫ്.പി.സി.കെ., കെയ്‌കോ, റെയ്ഡ്‌കോ കൃഷി വിജ്ഞാൻ കേന്ദ്ര എന്നീ സർക്കാർ സ്ഥാനപങ്ങളിൽ ഉത്പാദിപ്പിച്ച ഉത്പ്പന്നങ്ങളും മേൽത്തരം വിത്തുകളും നടീൽ വസ്തുകളും ലഭ്യമാണ്. ഞാറ്റുവേല ചന്ത ചൊവ്വാഴ്ച വരെ തുടരും.
വെജിറ്റബിൾ ചാലഞ്ചുമായി മന്ത്രി, ഏറ്റെടുത്ത് എം.എൽ.എ
സ്വന്തമായി ഉത്പ്പാദിപ്പിച്ച് പച്ചക്കറി സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രദർശിപ്പിച്ച് വെജിറ്റബിൾ ചാലഞ്ച് ഏറ്റെടുക്കാൻ ആവശ്യപ്പെട്ട് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ. ഓണത്തിന് ഒരു മുറം പച്ചക്കറി കൃഷി ചെയ്താണ് ചിത്രം പ്രദർശിപ്പിക്കേണ്ടത്. വേദിയിലുണ്ടായിരുന്ന അൻവർസാദത്ത് എം.എൽ.എ ചാലഞ്ച് ഏറ്റെടുക്കുന്നതായി ഉടൻ പ്രഖ്യാപിച്ചു. തുടർന്ന് അപ്പോൾ തന്നെ പച്ചക്കറി തൈകൾ കൊണ്ടു വരാൻ മന്ത്രി ആവശ്യപ്പെടുകയും എം.എൽ.എ.യ്ക്ക് വേദിയിൽ വെച്ച് കൈമാറുകയും ചെയ്തു.
ജില്ലപഞ്ചായത്തംഗത്തെ ഒഴിവാക്കി, പ്രതിഷേധം
എ.ഐ.എസ്.എഫ്. ജില്ലാ സെക്രട്ടറികൂടിയായ ജില്ല പഞ്ചായത്തംഗത്തെ പരിപാടിയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധം. ചൂർണിക്കര എടത്തല ഡിവിഷനിലെ ജില്ല പഞ്ചായത്തംഗമായ അസ് ലഫ് പാറേക്കാടനെയാണ് പരിപാടിയിൽ വിളിക്കാതിരുന്നത്.. നോട്ടീസ് തയ്യാറാക്കിയത് തിരുവനന്തപുരത്ത് നിന്നാണെന്ന് ഭാരവാഹികൾ പറഞ്ഞു. കൃഷി വകുപ്പിന് നൽകിയ പേരുകളിൽ അസ് ലഫിന്റെ പേരുണ്ടായിരുന്നതായും ഭാരവാഹികൾ പറഞ്ഞു.