മികച്ച റവന്യൂ ജീവനക്കാരന് പുരസ്കാരം
തൃക്കാക്കര: കളക്ടറേറ്റിൽ റവന്യൂ വിഭാഗത്തിലെത്തുന്ന പൊതുജനങ്ങൾക്ക് ജീവനക്കാരിൽ നിന്നും മികച്ച സേവനം ലഭ്യമാക്കാനുറച്ച് ജില്ലാ കളക്ടർ എസ്.സുഹാസ്. ശനിയാഴ്ച അദ്ദേഹം കളക്ടറേറ്റിലെ ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തി. ഹാജർ നില പരിശോധിച്ചു. കളക്ടറേറ്റിലെത്തിയ പൊതുജനങ്ങളോട് ജീവനക്കാരുടെ പെരുമാറ്റവും സേവനവും സംബന്ധിച്ച അഭിപ്രായവും ചോദിച്ചു. ഫയലുകളിലെ കാലതാമസമൊഴിവാക്കാൻ റവന്യൂ ജീവനക്കാർക്കിടയിൽ 'കളക്ടേഴ്സ് എംപ്ലോയീ ഓഫ് ദ മന്ത് ' പുരസ്കാരം ഏർപ്പെടുത്തി. കളക്ടറേറ്റിലെത്തുന്ന പൊതുജനങ്ങളിൽ നിന്നും അഭിപ്രായം ശേഖരിച്ചാണ് പുരസ്കാരം നൽകുക. നല്ല പെരുമാറ്റത്തിലൂടെയും വേഗത്തിലും ഏത് ജീവനക്കാരനിൽ നിന്നാണ് സേവനം ലഭിച്ചതെന്ന് കളക്ടറെ അറിയിക്കാം. ഇതിനായി പ്രവേശന കവാടത്തിനു സമീപം പെട്ടി സ്ഥാപിക്കും. മികച്ച സേവനം നൽകിയ ജീവനക്കാരന്റെ പേര് നിർദ്ദിഷ്ട ഫോമിൽ എഴുതി പെട്ടിയിലിടാം. മാസാവസാനം പെട്ടി തുറന്ന് ഏറ്റവുമധികം പേര് നിർദ്ദേശിക്കപ്പെട്ട വ്യക്തിയെ 'പ്രഖ്യാപിക്കും. വിജയിയെ സംബന്ധിച്ച വിവരംകളക്ടർ, എറണാകുളംഎന്ന ഫേസ് ബുക്ക് പേജ് വഴി അറിയിക്കും.
ജൂലായ് ഒന്നു മുതൽ പദ്ധതി നടപ്പാക്കും. കളക്ടറുടെ ഫേസ് ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
പൊതുജനങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത സെക്യൂരിറ്റി, സ്യൂട്ട്, ഇൻസ്പെക്ഷൻ, ലാൻഡ് അക്വിസിഷൻ, ഫിനാൻസ് വിഭാഗങ്ങളിലുള്ളവർക്ക് ഫയലുകളുടെ തീർപ്പാക്കൽ, ഹാജർ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ പ്രത്യേകമായി അംഗീകാരം നൽകും.
കളക്ടറേറ്റും പരിസരവും വൃത്തിയാക്കുന്ന നടപടികൾ ത്വരിതപ്പെടുത്താനും നിർദ്ദേശം നൽകി. "ഇനിയങ്ങോട്ട് കോമ്പൗണ്ടിനു പുറത്തേക്കാണ്, അതിന് എനിക്ക് നിങ്ങളുടെ എല്ലാവരുടെയും സഹകരണം ആവശ്യമാണ് " എന്നു പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചത്.