കൊച്ചി:അസഹ്യമായ മാലിന്യ പ്രശ്നവും പകർച്ചവ്യാധി ഭീഷണിയും ഉയർത്തിയ കോലഞ്ചേരി കക്കാട്ടുപാറയിലെ അനധികൃത ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പ് അടച്ചുപൂട്ടി. പൂത്തൃക്ക പഞ്ചായത്തിലെ ആരോഗ്യ വിഭാഗമാണ് ക്യാമ്പ് അടച്ചു പൂട്ടിയത്. പൊതുജനാരോഗ്യ മാനദണ്ഡങ്ങൾക്കനുസരിച്ച് യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളുമൊരുക്കാതെ ഒരു ചെറിയ കെട്ടിടത്തിലെ ഇടുങ്ങിയ മുറികളിലായി 82 തൊഴിലാളികളെയാണ് മാസവാടക വാങ്ങി പാർപ്പിച്ചിരുന്നത്. കുഴലുകൾ പൊട്ടി കക്കൂസ് മാലിന്യം ചുറ്റുപാടും വ്യാപിക്കുന്ന തരത്തിലുള്ള രണ്ട് കക്കൂസുകൾ മാത്രമാണ് ഇവിടെയുള്ളത്. വേണ്ടത്ര കക്കൂസ് സൗകര്യമില്ലാത്തതിനാൽ തൊഴിലാളികൾ തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജ്ജനം നടത്തുന്നത് പരിസരവാസികൾക്ക് ശല്യമായിരുന്നു. പ്രദേശത്തെ ഗുരുതരമായ സ്ഥിതിവിശേഷം ബോധ്യപ്പെട്ടതിനെ തുടർന്ന് പൂത്തൃക്ക ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ.സജി മൂന്ന് ദിവസത്തിനകം ക്യാമ്പ് അടച്ചുപൂട്ടണമെന്ന് കാണിച്ച് കെട്ടിട ഉടമയായ കക്കാട്ടുപാറ വീട്ടിൽ ഏലിയാസിന് നോട്ടീസ് നൽകി. കെട്ടിട ഉടമ സകുടുംബം വിദേശത്ത് താമസിക്കുന്നതിനാൽ നവമാദ്ധ്യമ സംവിധാനങ്ങൾ ഉപയോഗിച്ചാണ് അധികൃതർ ഉടമയ്ക്കെതിരെ നടപടിയെടുത്തത്. കെട്ടിടം കരാറെടുത്ത ഇടനിലക്കാരൻ ഉടമയെ തെറ്റിദ്ധരിപ്പിച്ച് തൊഴിലാളികളെ കുത്തിനിറച്ച് പാർപ്പിക്കുകയായിരുന്നു.