കൊച്ചി: പ്ളാസ്റ്റിക്കിനെതിരെ അണ്ടർ വാട്ടർ ഇൻസ്റ്റലേഷൻ,​ ഇരുമ്പ് കമ്പികൾ കൊണ്ട് തീർത്ത കിളിക്കൂട്,​ പായ്ക്കപ്പൽ തുടങ്ങിയ രൂപങ്ങളും ചിന്തിപ്പിക്കുന്ന ചിത്രങ്ങളുമായി ഒത്തുചേർന്നിരിക്കുകയാണ് കേരളത്തിലെ അൺ എയിഡഡ് മേഖലയിൽ ജോലി ചെയ്യുന്ന കലാ അദ്ധ്യാപകർ. ഇവരുടെ കൂട്ടായ്മയായ ടീച്ച് ആർട്ട് കൊച്ചിയുടെ പ്രദർശനം ഡർബാർ ഹാളിൽ ആരംഭിച്ചു. നൂറോളം അദ്ധ്യാപകരാണ് പങ്കെടുക്കുന്നത്. അഞ്ചാംവർഷമാണ് ടീച്ച് ആർട്ട് കൊച്ചി പ്രദർശനം നടക്കുന്നത്. ഈ വർഷത്തെ സി.എൻ കരുണാകരൻ മെമ്മോറിയൽ ബെസ്റ്റ് ആർട്ട് ടീച്ചർ അവാർഡിന് മാർത്തോമ സ്കൂൾ കാക്കനാട് അദ്ധ്യാപകൻ തോമസ് കുരിശിങ്കൽ അർഹനായി. ടീച്ച് ആർട്ട് പ്രതിഭാ അവാർഡ് എൻ.ബി. ലതാദേവി, മനോജ് ബ്രഹ്മമംഗലം എന്നിവർക്കും മികച്ച ശില്പിക്കുള്ള അവാർഡ് ചാർട്ടേഡ് സ്കൂൾ അദ്ധ്യാപകൻ പ്രമോദ് ഗോപാലകൃഷ്ണനും മികച്ച ക്രാഫ്റ്റ് അദ്ധ്യാപകനുള്ള അവാർഡ് സുരേഷ്‌കുമാറും നേടി. 27ന് സമാപിക്കും.