കൊച്ചി : തമിഴ്നാട്, കർണാടക ഉൾപ്പെയുള്ള സംസ്ഥാനങ്ങളിൽ പച്ചക്കറി ഉൽപാദനം കുറഞ്ഞതോടെ കേരളത്തിൽ പച്ചക്കറി വില ദിനംപ്രതി കുതിച്ചുയരുകയാണ്. കേരളത്തിലേക്ക് പച്ചക്കറി കയറ്റുമതി ചെയ്യുന്ന സേലം, മധുര ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ കടുത്ത വരൾച്ചയെ തുടർന്ന് ഉത്പാദനം കുറഞ്ഞതാണ് വില ഉയരാനുള്ള പ്രധാനകാരണം.ആന്ധ്ര, കർണാടക എന്നിവിടങ്ങളിലെ പച്ചക്കറി വരവ് കുറഞ്ഞതും വില ഉയരുന്നതിന് കാരണമായി.തക്കാളി, ബീൻസ്, കാരറ്റ്, പച്ചമുളക് , ചെറിയ ഉള്ളി , ബീറ്റ് റൂട്ട് ,പയർ തുടങ്ങിയവയ്ക്കാണ് വില കത്തിക്കയറുന്നത്.
തമിഴ്നാട്ടിലെ ജലക്ഷാമം പച്ചക്കറി ഉത്‌പാദനം കുറച്ചു.കർണാടകയിൽ ആഴ്ചകൾക്കുമുമ്പ് തുടർച്ചയായി പെയ്ത മഴ കൃഷിനാശം ഉണ്ടാക്കിയെങ്കിൽ ഇപ്പോൾ കടുത്ത വറുതിയിൽ ഉത്പാദനം ഇല്ലാതായി. തമിഴ്നാട്ടിലേയും മറ്റും മാരക കീടനാശിനികളുടെ ഉപയോഗം വാർത്തകളിൽ നിറഞ്ഞതോടെ പല കർഷകരും ജമന്തിപ്പൂ ഉൾപ്പെയുള്ള പൂക്കൾ കൃഷിയിലേക്ക് തിരിഞ്ഞതും പച്ചക്കറി ഉൽപാദനത്തെ ബാധിച്ചിരുന്നു. ട്രോളിങ് നിരോധനം മൂലം മത്സ്യലഭ്യത കുറഞ്ഞതും കേരളത്തിൽ പച്ചക്കറിയുടെ വില വർദ്ധനവിന് കാരണമായിട്ടുണ്ട്.
# രണ്ട് മുതൽ മൂന്നിരട്ടി വരെ വർദ്ധനവ്
നേരത്തെ ഇപ്പോൾ
ബീൻസ് - 30 രൂപ 80
തക്കാളി- 20 50
പച്ചമുളക്-30 100
ബീറ്റ് റൂട്ട്-70, ക്യാരറ്റ്-65, ഉള്ളി-70, മുരിങ്ങ-90, വഴുതന-45, വെ ണ്ട-75 പയർ - 80 എന്നിവക്ക് രണ്ട് മുതൽ മൂന്നിരട്ടി വരെയാണ് വില ഉയർന്നത്.
രണ്ടാഴ്ചയായി തുടരുന്ന വില വർധനവിൽ പച്ചക്കറികളിൽ മാത്രമല്ല പഴ വർഗ്ഗങ്ങളിലും വില ഉയർന്നു.ഉത്പാദനം കുറഞ്ഞതോടെ നേന്ത്രപ്പഴത്തിന് കിലോയ്ക്ക് 75 രൂപയായി ഉയർന്നു. ഞാലി പൂവന് 65 രൂപയുമായി. മുന്തിരിക്ക് 100 മുതൽ 130 രൂപവരെയാണ് വില. ആപ്പിളിന് 150 രൂപ മുതലാണ് വില. ഓറഞ്ചിന് 120 രൂപയും ചെറുനാരങ്ങയ്ക്ക് 100 രൂപ നിരക്കിലാണ് വില വർധിച്ചിരിക്കുന്നത്.
#തമിഴ്നാട്ടിൽപച്ചക്കറി ഉല്പാദനം ഗണ്യമായി കുറഞ്ഞതോടെ പച്ചക്കറി കിട്ടാതായിട്ടുണ്ട്. ഇപ്പോൾ ലോഡൊന്നിന് പതിനായിരം മുതൽ ഇരുപതിനായിരം വരെ കൂടുതൽ കൊടുക്കേണ്ടിവരുന്നുണ്ട്. വിലകൂടിയതോടെ പലരും വളരെ കുറച്ചേ വാങ്ങുന്നുള്ളു. കൂടുതൽ വില കൊടുത്ത് പച്ചക്കറി കൊണ്ടുവന്ന് കച്ചവടം നത്തുന്നതും പ്രയാസമാണ്.
ടോമി , പച്ചക്കറി മൊത്തവ്യാപാരി