kanakkankadavu-bridge-
തകർന്ന കണക്കൻകടവ് റഗുലേറ്റർ ബ്രിഡ്ജിന്റെ ഷട്ടർ തകർന്ന നിലയിൽ

പറവൂർ : പുഴയിൽ വെള്ളം ഉയർന്നതോടെ കണക്കൻകടവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഒരു ഷട്ടർ ഇന്നലെ തകർന്നു വീണു. പാലത്തിലെ നാലാമത്തെ ഷട്ടർ രണ്ടായി മുറിയുകയായിരുന്നു. ചാലക്കുടിയാറിൽ വെള്ളം പൊങ്ങിയപ്പോൾ ഷട്ടറിന്റെ മുകളിലൂടെ വെള്ളം ഒഴുകി. ഇതുമൂലം കൂടുതൽ മർദ്ദം ഷട്ടറിലേക്കു വന്നതിനാലാണ് തകരാൻ കാരണം. പുഴയിൽ വെള്ളം കൂടി ഷട്ടറുകളുടെ മുകളിലൂടെ ഒഴുകുന്നതിനു മുമ്പ് ഷട്ടറുകൾ മുൻകാലങ്ങളിൽ ഉയർത്താറുണ്ടായിരുന്നു. ഇത് ചെയ്യാത്തതിനാലാണ് ഷട്ടർ തകർന്നു പോയത്. പെരിയാറിൽ നിന്നും ചാലക്കുടിയാറിലേക്കു ഓരുജലം കയറാതിരിക്കാൻ നിർമ്മിച്ച കണക്കൻകടവ് റഗുലേറ്റർ കം ബ്രിഡ്ജിൽ പതിനൊന്ന് ഷട്ടറുകളാണുള്ളത്. കോടുപാടുകൾ ഉണ്ടായതിനാൽ ആറ് വർഷം മുമ്പ് എല്ലാ ഷട്ടറുകളും മാറ്റി സ്ഥാപിച്ചിരുന്നു. അതിലൊരെണ്ണമാണ് ഇന്നലെ തകർന്നത്. മേജർ ഇറിഗേഷൻ വകുപ്പിനു കീഴിലുള്ളതാണ് ബ്രിഡ്ജ് തകർന്ന ഷട്ടർ കൂടാതെ മറ്റു പല ഷട്ടറുകളുടെയും അടിഭാഗത്തു ചോർച്ചയുണ്ട്. ഒക്ടോബർ മാസത്തോടെ പെരിയാറിൽ നിന്നും ചാലക്കുടിയാറിലേക്ക് ഓരുജലം എത്തിത്തുടങ്ങും. അതിനു മുമ്പ് ഷട്ടർ നിർമ്മാണം നടത്തണം. മറ്റു ഷട്ടറുകളുടെ അടിഭാഗത്തു ചോർച്ചയുള്ളതിനാൽ ഇളന്തിക്കരയിൽ നിന്നും കോഴിത്തുരുത്തിലേക്ക് എല്ലാ വർഷവും മണൽബണ്ട് നിർമ്മിക്കുന്നുണ്ട്. രണ്ടു പ്രവൃത്തികളും നടത്തുന്നതിനുള്ള നടപടികൾ നിർവഹിക്കേണ്ടത് മേജർ ഇറിഗേഷൻ വകുപ്പാണ്. റഗുലേറ്റർ കം ബ്രിഡ്ജ് ഉണ്ടായിട്ടും ഷട്ടറുകളിലെ ചോർച്ച കാരണം വർഷംതോറും ലക്ഷങ്ങൾ ചെലവാക്കി മണൽബണ്ട് നിർമിക്കേണ്ടിവരുന്നുണ്ട്. എല്ലാ ഷട്ടറുകളുടെയും പ്രവർത്തനം കുറ്റമറ്റതാക്കാനുള്ള നടപടിയെടുത്താൽ മണൽ ബണ്ട് നിർമ്മാണം ഒഴിവാക്കാനാകും.

ഷട്ടർ പുനർനിർമ്മിച്ചില്ലെങ്കിൽ വൻനാശം

ഷട്ടർ മാറ്റി സ്ഥാപിക്കുകയും മണൽബണ്ട് നിർമ്മിക്കുകയും ചെയ്തില്ലെങ്കിൽ പെരിയാറിൽ ഓരുജലം കയറി പുത്തൻവേലിക്കര, കുന്നുകര, പാറക്കടവ്, പൊയ്യ, കുഴൂർ, അന്നമനട പഞ്ചായത്തുകളിലെ ജനങ്ങളുടെ കുടിവെള്ളം മുട്ടും. ഈ പ്രദേശത്തെ കാർഷിക മേഖലയിൽ കനത്ത നാശമുണ്ടാകും.