road
കോട്ടേലക്കുടി റോഡിന്റെ അവസ്ഥ

പെരുമ്പാവൂർ: നഗരസഭാ അധികാരികളുടെ അനാസ്ഥയുടെ ദുരിതം പേറുകയാണ് പത്ത് കുടുംബങ്ങൾ. കോട്ടേലക്കുടി റോഡിന്റെ ഇരുവശത്തുമുള്ള വെള്ളക്കെട്ടാണ് കാൽനട യാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ദുരിതം വിതയ്ക്കുന്നത്. പെരുമ്പാവൂർ നഗരസഭയിലെ 27-ാം വാർഡിലെ വല്ലം- റയോൺ പുരം റോഡിൽ നിന്ന് 150 മീറ്റർ നീളത്തിൽ അവസാനിക്കുന്ന ഈ റോഡിൽ മഴയായാലും വെയിലായാലും വെള്ളക്കെട്ടാണ്. മെയിൻ റോഡിൽ നിന്ന് താഴ്ന്ന ഭാഗമായതിനാൽ ഈ റോഡിലേക്കാണ് മലിനജലമുൾപ്പെടെയുള്ളവ ഒഴുകിയെത്തുന്നത്.

മഴക്കാലം കൂടിയെത്തിയതോടെ ഈ ഭാഗത്ത് കാൽനടയാത്ര പോലും ദുസഹമായി. വിദ്യാർത്ഥികൾക്ക് സ്കൂളിലേക്കും കോളേജിലേക്കും ചെളി വെള്ളത്തിലൂടെ നീന്തിപ്പോകേണ്ട ഗതികേടിലാണ്.

കാന നിർമ്മിച്ചാൽ തീരാവുന്ന ഈ പ്രശ്‌നം ബന്ധപ്പെട്ട അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. അധികൃതരുടെ ഭാഗത്തുനിന്നും നിസ്സംഗത തുടർന്നാൽ സമരമല്ലാതെ നാട്ടുകാർക്ക് വേറെവഴില്ലെന്ന് പ്രദേശവാസികൾ സൂചിപ്പിച്ചു ഇവിടുത്തെ വീട്ടുകാർ സമര പരിപാടികൾ ആവിഷ്‌ക്കരിക്കാൻ ഒരുങ്ങുന്നതിന്റെ സൂചനയും കണ്ടുതുടങ്ങി.

കാന നിർമ്മിക്കും

കാന നിർമ്മിക്കാനുള്ള ഫണ്ട് അടുത്ത നഗരസഭാ ബഡ്ജറ്റിൽ ഉൾപ്പെടുത്തി പ്രശ്നം ശാശ്വതമായി പരിഹരിക്കുമെന്ന് വാർഡ് കൗൺസിലർ മണികണ്ഠൻ അപ്പു പറഞ്ഞു.