നെടുമ്പാശേരി: യാത്രക്കാരുടെ തിരക്കേറിയത് പരിഗണിച്ച് കൊച്ചി വിമാനത്താവളത്തിൽ ചെക്ക്-ഇൻ ചെയ്യാനുള്ള സമയം വർദ്ധിപ്പിച്ചു. 25 മുതൽ ആഭ്യന്തര യാത്രക്കാർക്ക് വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്ന് മണിക്കൂർ മുമ്പ് ചെക്ക്-ഇൻ ചെയ്യാം. കൊച്ചി വിമാനത്താവളത്തിൽ പ്രതിദിനം മുപ്പതിനായിരത്തോളം പേർ യാത്ര ചെയ്യുന്നുണ്ട്. ആഭ്യന്തര ചെക്ക്-ഇൻ കൗണ്ടറുകൾ, വിമാനം പുറപ്പെടുന്ന സമയത്തിന് രണ്ട് മണിക്കൂർ മുമ്പാണ് സാധാരണ പ്രവർത്തിച്ചുതുടങ്ങുക. ഇതിലും നേരത്തെ എത്തുന്നവരെ സി.ഐ.എസ്.എഫ് ചെക്ക്-ഇൻ മേഖലയിലേക്ക് കടത്തിവിടില്ല.
തീവ്രവാദ അക്രമണ പശ്ചാത്തലത്തിൽ ബ്യൂറോ ഒഫ് സിവിൽ ഏവിയേഷന്റെ നിർദേശപ്രകാരം സുരക്ഷാ പരിശോധന അതീവ കർശനമാക്കിയിട്ടുണ്ട്. സുരക്ഷാ പരിശോധനയ്ക്ക് കൂടുതൽ സമയമെടുക്കുന്നതിനാൽ പരിശോധനാ ഹാളിൽ വൻ തിരക്കായിരിക്കും. അവസാന നിമിഷം എത്തുന്നവർക്ക് ഗേറ്റുകളിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സാഹചര്യം പലപ്പോഴുമുണ്ടാകുന്നു. ഈ സാഹചര്യത്തിലാണ് ചെക്ക്-ഇൻ കൗണ്ടറുകൾ നേരത്തെ തുറക്കാൻ സിയാൽ, എയർലൈനുകൾക്ക് നിർദേശം നൽകിയത്.
ആഭ്യന്തര യാത്രക്കാർ സുരക്ഷാ പരിശോധനാ ഹാളിലെ അവസാന നിമിഷങ്ങളിലെ തിരക്ക് ഒഴിവാക്കാൻ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സിയാൽ അഭ്യർത്ഥിച്ചു. രാജ്യാന്തര യാത്രക്കാർക്കുള്ള ചെക്ക്-ഇൻ കൗണ്ടറുകൾ മൂന്നു മണിക്കൂർ മുമ്പുതന്നെ പ്രവർത്തിച്ചു തുടങ്ങുമെന്ന നിലവിലെ സ്ഥിതി തുടരും.