കൊച്ചി: പ്രളയത്തിൽ രക്ഷകരായെത്തിയ മത്സ്യത്തൊഴിലാളികൾക്ക് നന്ദി അറിയിച്ച്നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യാനോഗ്രാഫിയിൽ ഇൻസ്റ്റലേഷൻ. പ്രളയത്തിന്റെ ഒന്നാം വാർഷികമായ ആഗസ്റ്റ് 15ന് സ്ഥാപിക്കും. ചേന്ദമംഗലം കൈത്തറിയെ രക്ഷിച്ചെടുത്ത ചേക്കുട്ടിപ്പാവയെന്ന ആശയവുമായെത്തിയ ലക്ഷ്മി മേനോനാണ് ഈ ആശയത്തിന് പിന്നിലും. മത്സ്യത്തൊഴിലാളികൾക്ക് നന്ദി അറിയിച്ച് സൗഹൃദത്തിലാവുകയെന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച മേക്ക് ഫ്രണ്ട്ഷിപ്പിന്റെ ഭാഗമായാണ് ഇൻസ്റ്റലേഷൻ ഉയരുന്നത്. ഈ ഇൻസ്റ്റേലഷൻ സ്ഥിരമായി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യാനോഗ്രാഫിയിൽ നിലനിർത്തും.
പ്രളയ രക്ഷാപ്രവർത്തനം നടത്തി തകർന്ന ബോട്ടിലാണ് ഇൻസ്റ്റലേഷൻ ഒരുക്കുന്നത്. മീൻപിടിത്തക്കാർക്ക് നന്ദിയറിയിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ നിർമിച്ച 65000 കടലാസ് തോണികളും ഇതിൽ ഇടംപിടിക്കും.
ദേശീയ സമുദ്രദിനമായ ജൂൺ എട്ടിനാണ് മേക്ക് ഫ്രണ്ട്ഷിപ്പിന് തുടക്കമായത്. ഈ പദ്ധതിയിലൂടെ മീൻപിടിത്തക്കാർക്ക് ഇൻഷ്വറൻസ് പരിരക്ഷ ഒരുക്കും. 24 രൂപ വാർഷിക പ്രീമിയത്തിലൂടെ ഒരു വർഷത്തിലേക്കുള്ള ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാക്കുകയാണ് ലക്ഷ്യം. 24 രൂപ മുടക്കി ആർക്കും മീൻപിടുത്തക്കാർക്ക് ഇൻഷ്വറൻസ് പരിരക്ഷ നേടികൊടുക്കാം. പതിനായിരത്തിലധികം ഇൻഷ്വറൻസ് പരിരക്ഷയ്ക്കുള്ള സഹായം ഇതിനകം മേക്ക് ഫ്രണ്ട്ഷിപ്പിന് ലഭിച്ചു കഴിഞ്ഞു. 1000 മത്സ്യത്തൊഴിലാളികൾക്കുള്ള ഇൻഷ്വറൻസ് പരിരക്ഷ അടുത്താഴ്ച വലിയതുറയിൽ വിതരണം ചെയ്യും.വൈപ്പിനിലെ 1000 മത്സ്യത്തൊഴിലാളികൾക്കും ഇൻഷ്വറൻസ് പരിരക്ഷ വിതരണം ചെയ്യും. മീൻപിടിത്തക്കാർക്ക് നന്ദി അറിയിച്ച് നിർമിക്കുന്ന ഇൻസ്റ്റലേഷനായുള്ള കടലാസ് തോണി തയ്യാറാക്കുന്ന പരിപാടിക്ക് ഞായറാഴ്ച നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയിൽ തുടക്കമായി. നാടൻപാട്ടുകൾ പാടിയായിരുന്നു നിർമ്മാണം. വിവരങ്ങൾക്ക്: makefriendship.org.