vayana
ഈസ്റ്റ് മാറാടി സർക്കാർ സ്കൂൾ വിദ്യാർത്ഥികൾ വായന പക്ഷാചരണത്തിനായി ഒരുക്കിയ പുസ്തകവണ്ടി

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം ക്ലബ്, നാഷണൽ സർവീസ് സ്കീം, ജൂനിയർ റെഡ് ക്രോസ് തുടങ്ങിയ ക്ലബുകളുടെ നേതൃത്വത്തിൽ വായന പക്ഷാചരണത്തിന് തുടക്കമായി.

സ്കൂളിൽ നടന്ന അസംബ്ലിയിൽ പ്രതിജ്ഞ ചൊല്ലുകയും വായനപക്ഷാചരണ സന്ദേശം നൽകുകയും ചെയ്തു. വിദ്യാർത്ഥികൾ തയ്യാറാക്കിയ അക്ഷരങ്ങളും ചിത്രങ്ങളും ആസ്വാദനക്കുറിപ്പുകളും കൊണ്ട് സ്കൂൾ മുറ്റത്ത് ഒരുക്കിയ അക്ഷരവൃക്ഷവും പുസ്തകപ്പൂമരവും ശ്രദ്ധേയമായി.

ഭിന്നശേഷിക്കാരായ സഹപാഠികളുടെ വീട്ടിൽ പുസ്തക വണ്ടിയിൽപുസ്തകങ്ങളുമായി അധ്യാപകരും വിദ്യാർത്ഥികളും എത്തി മധുരസമ്മാനവും നൽകി. വായന പക്ഷാചരണവുമായി ബന്ധപ്പെട്ട് വിവിധ മത്സരങ്ങൾ നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും മറ്റു ക്ലബുകളുടെയും ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് പി.ടി. അനിൽകുമാർ നിർവഹിച്ചു. പ്രിൻസിപ്പൽ റോണി മാത്യു, ഹെഡ്മാസ്റ്റർ കെ. സജികുമാർ, സീനിയർ അസിസ്റ്റന്റ് ശോഭന എം.എം, സമീർ സിദ്ദീഖി.പി, ഷീബ, പ്രീന എൻ ജോസഫ്, രതീഷ് വിജയൻ, ഗിരിജ എം.പി, ജയൻ കെ.എം തുടങ്ങിയവർ നേതൃത്വം നൽകുന്നു.