regional-chemical-examine
എറണാകുളം റീജിണൽ കെമിക്കൽ എക്‌സാമിനർ ലബോറട്ടറി


സസ്പെൻഷനിലായത് എട്ട് ലാബ് അസിസ്റ്റന്റുമാർ


തൃക്കാക്കര: എറണാകുളം റീജിണൽ കെമിക്കൽ എക്‌സാമിനർ ലബോറട്ടറിയിലെ എട്ട് ലാബ് അസിസ്റ്റന്റുമാരെ സസ്പെൻഡ് ചെയ്തു. ജോലി നിർവഹണം സംബന്ധിച്ച് വകുപ്പ് മേധാവിയുടെ സർക്കുലറിനെതിരെ പരാതി നൽകിയതിനെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് അസാധാരണമായ ഈ നടപടിയുണ്ടായത്.
12 ലാബ് അസിസ്റ്റന്റുമാരിൽ എട്ട് പേരും സസ്പെൻഷനിലായതോടെ എറണാകുളം ലാബിന്റെ പ്രവർത്തനം അവതാളത്തിലാകും. കുറ്റാന്വേഷണത്തിന്റെ ഭാഗമായി പൊലീസും എക്സൈസും സമർപ്പിക്കുന്ന സാമ്പിളുകളാണ് ലാബുകളിൽ പ്രധാനമായും പരിശോധിക്കുന്നത്.
ജൂനിയർ ലാബ് അസിസ്റ്റന്റും അസി. കെമിക്കൽ എക്സാമിനറും തമ്മിൽ ആറു മാസം മുമ്പ് ആരംഭിച്ച തർക്കമാണ് കൂട്ടസസ്പെൻഷനിൽ കലാശിച്ചത്. പോസ്റ്റ്മോർട്ടത്തിന്റെ ഭാഗമായ ആന്തരികാവയവങ്ങളുടെ സാമ്പിൾ പരിശോധനയ്ക്കെടുത്ത് വെക്കാൻ കെമിക്കൽ എക്സാമിനർ നിർദേശിച്ചപ്പോൾ തനിക്ക് നടപടി ക്രമങ്ങൾ അറിഞ്ഞുകൂടെന്ന് പറഞ്ഞ് ജൂനിയർ ലാബ്അസിസ്റ്റന്റ് ഒഴിഞ്ഞു. തർക്കങ്ങളും പരാതിയും ഉയർന്നപ്പോൾ ചീഫ് കെമിക്കൽ എക്സാമിനർ ആർ.ജയകുമാരൻ നായർ ലാബ് അസിസ്റ്റന്റുമാരുടെയും കെമിക്കൽ എക്സാമിനർമാരുടെയും യോഗം മേയ് ആദ്യവാരം വിളിച്ച് സമവായം ഉണ്ടാക്കിയിരുന്നു. നടപടിക്രമങ്ങൾ അറിയാത്ത കീഴ്ജീവനക്കാരെ ഇക്കാര്യം പഠിപ്പിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു.
സർക്കുലർ സർവീസ് മാനുവലിനെതിരാണെന്നും ഇത് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഇപ്പോൾ സസ്പെൻഷനിലുള്ള ഉന്നത വിദ്യാഭ്യാസമുള്ള ജീവനക്കാരൻചീഫ് കെമിക്കൽ എക്സാമിനർക്ക് തന്നെ പരാതി നൽകിയതാണ് പ്രശ്നമായത്. മറ്റ് ഏഴ് പേരെക്കൊണ്ടും ഇയാൾ പരാതി വെവ്വേറെ അയപ്പിക്കുകയും ചെയ്തു. ഈ പരാതി വകുപ്പുമേധാവിയുടെ ഉത്തരവിനെ സംഘടിതമായി അവമതിക്കുന്നതും ഗുരുതരമായ അച്ചടക്ക, പെരുമാറ്റച്ചട്ട ലംഘനവുമാണെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. സസ്പെൻഷനിലായ മറ്റ് ഏഴുപേരും ഏതാനും വർഷങ്ങൾ മാത്രം സർവീസ് ബാക്കിയുള്ളവരാണ്. തങ്ങൾ ഒപ്പിട്ടുനൽകിയ പരാതിവകുപ്പ് മേധാവിയുടെ സർക്കുലറിനെ ചോദ്യം ചെയ്യുന്നതാണെന്ന് നടപടി വന്നപ്പോഴാണ് പലർക്കും പിടികിട്ടിയത്.

സസ്പെൻഡ് ചെയ്യപ്പെട്ടവർ

ഡിജി രാജൻ, എൻ. ഡി. പ്രദീപ്കുമാർ, എ.പി.ജയചന്ദ്രൻ, എ.എൻ.സുധീഷ്, കെ.പി.പൗലോകുഞ്ഞ്, ഡി.അജയഘോഷ് (ലാബ് അസിസ്റ്റന്റമാർ), പി.എസ്.ലതീഷ്, ആർ.സജിമോൻ (ജൂനിയർ ലാബ് അസിസ്റ്റന്റമാർ)