മുന്നിൽ കോഴിക്കോട്
നെടുമ്പാശേരി: സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നും കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം കടത്താൻ ശ്രമിച്ച് പിടിയിലായത് 417 കിലോഗ്രാം സ്വർണം! കസ്റ്റംസ് എയർ ഇന്റലിജൻസ്, ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസ് വിഭാഗങ്ങൾ നടത്തിയ പരിശോധനകളിലാണ് ഇത്രയും സ്വർണം പിടികൂടിയത്. ഇക്കാലയളവിൽ ഏറ്റവും കൂടുതൽ സ്വർണവേട്ട നടന്നത് കരിപ്പൂർ വിമാനത്താവളത്തിലാണ്. 199 കിലോഗ്രാം സ്വർണം. രണ്ടാം സ്ഥാനം നെടുമ്പാശേരിക്കാണ്. 167 കിലോ സ്വർണമാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. തിരുവനന്തപുരത്ത് താരതമ്യേന കുറവാണ്. 48 കിലോഗ്രാം സ്വർണം. അതേസമയം, ഡിസംബറിൽ പ്രവർത്തനം ആരംഭിച്ച കണ്ണൂരിൽ നിന്നും സ്വർണം പിടികൂടി. 3.5 കിലോഗ്രാം സ്വർണമാണ് ഇവിടെ നിന്നും അധികൃതർ പിടിച്ചെടുത്തത്.
മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് നാലിരട്ടിയിലേറെ വർദ്ധനവാണ് സ്വർണക്കടത്ത് പിടികൂടുന്നതിൽ ഉണ്ടായിട്ടുള്ളത്. 2018 ഏപ്രിൽ മുതൽ 2019 മാർച്ച് വരെയുള്ള കാലയളവിലാണ് ഇത്രയധികം സ്വർണം പിടിച്ചെടുത്തത്. പിടിച്ചെടുത്ത സ്വർണത്തിന് 50 കോടിയോളം രൂപ വിലവരും. 2017-18 ൽ നെടുമ്പാശേരി, കരിപ്പൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നായി 103.5 കിലോഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ഇക്കാലയളവിൽ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 11 കോടി രൂപയുടെ വിദേശ കറൻസികളും,1.68 കോടി ഇന്ത്യൻ രൂപയും പിടിച്ചെടുത്തിരുന്നു.
ഇതുകൂടാതെ നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച വൻതോതിലുള്ള വിദേശ സിഗരറ്റുകളും കസ്റ്റംസ് വിഭാഗത്തിന്റെ പിടിയിലായിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നും സ്വർണം വാങ്ങി അനധികൃതമായി ഇന്ത്യയിലേക്ക് കടത്താനാണ് പ്രധാനമായും വിദേശ കറൻസികൾ വിമാനത്താവളങ്ങളിലെ സുരക്ഷാ വിഭാഗങ്ങളുടെ കണ്ണുവെട്ടിച്ച് വിദേശത്തേക്ക് കൊണ്ടുപോകുന്നത്. ഇതിനായി വിമാനത്താവളങ്ങളിൽ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. നാട്ടിലേക്ക് വരുന്ന പ്രവാസികളുടെ കൈവശമുണ്ടാകുന്ന വിദേശ കറൻസികൾ 'ഫോറിൻ മണി എക്‌സ്‌ചേഞ്ച്' സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്നതിൽ കൂടുതൽ തുക നൽകിയാണ് ഇവർ ശേഖരിക്കുന്നത്.