കൊച്ചി: സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി എറണാകളം മാർക്കറ്റ് നവീകരണത്തിനുള്ള രൂപരേഖ തയ്യാറാക്കുംമുമ്പ് കൊച്ചി നഗരസഭ വ്യാപാരികളുടെയും കടയുടമകളുടെയും വഴിയോര കച്ചവടക്കാരുടെയും യോഗം വിളിക്കും. 9.60 കോടി രൂപയുടെ പദ്ധതിയാണ് ബ്രോഡ്‌വേയുടെ വികസനത്തിനായി നടപ്പാക്കുന്നത്. എറണാകുളം മാർക്കറ്റും മാർക്കറ്റ് സ്ക്വയർ പുനർനിർമ്മിക്കുന്നതിനുള്ള പദ്ധതിയും സ്മാർട്ട് സിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി മേല്പാല പാതയും നിർമ്മിക്കാൻ ഉദ്ദേശമുണ്ട്.
പദ്ധതിയുടെ അന്തിമ ഡിസൈൻ അംഗീകരിക്കുന്നതിനും ബന്ധപ്പെട്ടവരുടെ യോഗങ്ങൾ വിളിക്കുന്നതിനും പുനരധിവസിപ്പിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കുന്നതിനും സ്മാർട്ട്സിറ്റി കമ്പനി നഗരസഭയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. നഗരസഭ ടൗൺപ്ളാനിംഗ് കമ്മിറ്റി പദ്ധതിയുടെ ഡിസൈനും മറ്റും നേരത്തെ അംഗീകരിച്ചിരുന്നു.
മാർക്കറ്റിൽ വലിയ നിർമ്മാണങ്ങൾ ആവശ്യമായി വരുമെന്നതിനാൽ നിലവിൽ അവിടെയുള്ള കച്ചവടക്കാരുടെ പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടതുണ്ട്. വ്യാപാരി സംഘടനകളുടെയും മറ്റും അഭിപ്രായം സ്വീകരിച്ചുകൊണ്ടാവും ഇത് നടപ്പാക്കുക. ഇതിനുള്ള ചുമതലയും സ്മാർട്ട് സിറ്റി കമ്പനി കൊച്ചി നഗരസഭയെയാണ് ഏല്പിച്ചിട്ടുള്ളത്.