മുംബയ്: പൂട്ടണോ, വേണ്ടേ എന്ന ചോദ്യം മാത്രമാണ് ബി.എസ്.എൻ.എൽ.എല്ലിന് മുമ്പിലുള്ളത്. ഒരുകാലത്ത് വൻലാഭം നേടി മുന്നേറിയിരുന്ന ഈ കേന്ദ്ര പൊതുമേഖലാ സ്ഥാപനം ഇപ്പോൾ നഷ്ടത്തിന്റെ പടുകുഴിയിലാണ്. തന്ത്രപ്രധാനമായ സേവന മേഖല എന്ന പരിഗണനയിൽ മാത്രമാണ് ഇപ്പോൾ ബി.എസ്.എൻ.എല്ലിനെ കേന്ദ്രം നിലനിറുത്തുന്നത്. ഒരടി മുന്നോട്ടു പോകണമെങ്കിൽ കേന്ദ്ര സർക്കാർ സഹായിക്കണമെന്നതാണ് സ്ഥിതി.
വരവും ചെലവും കൂട്ടിമുട്ടാത്ത സാഹചര്യത്തിൽ സഹായം തേടി കഴിഞ്ഞവാരം ടെലികോം മന്ത്രാലയത്തിന് കത്തെഴുതിയിട്ടുമുണ്ട്.
അത്രയ്ക്കുണ്ട് ബാദ്ധ്യത. ലളിതമായി പറഞ്ഞാൽ 90,000 കോടി രൂപയുടെ പ്രവർത്തന നഷ്‌ടം! സ്വകാര്യ ഏജൻസികൾ തിട്ടപ്പെടുത്തിയ കണക്കാണിത്. നഷ്ടം വർഷാവർഷം കയറിവരികയാണ്. 2017-18ൽ 7,993 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. വരുമാനം 22,668 കോടി രൂപയും. 2018-19ൽ നഷ്‌ടം 12,000 കോടി രൂപ കവിയും.
രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ നഷ്‌ടത്തിൽ മുന്നിലാണിപ്പോൾ ബി.എസ്.എൻ.എൽ.
2008-09ൽ 575 കോടി ലാഭം രേഖപ്പെടുത്തിയ ശേഷം പിന്നെ നഷ്ടക്കണക്ക് മാത്രമേ ഉണ്ടായിട്ടുളളൂ.
കേന്ദ്ര സർക്കാർ 5G സ്‌പെക്ട്രം ലേല നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ്. എന്നാൽ, ബി.എസ്.എൽ.എല്ലിന് ഇപ്പോഴും 4G സേവനം എല്ലായിടത്തും നൽകാനായിട്ടില്ല. സാങ്കേതിക വിദ്യ മാറുന്നതനുസരിച്ച് പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നതിൽ കമ്പനി പിന്നാക്കം പോയി. റിലയൻസ് ജിയോയുടെ കടന്നുകയറ്റവും തിരിച്ചടിയായി. രാജ്യത്തെ മൊത്തം മൊബൈൽ കണക്ഷനുകളിൽ പത്ത് ശതമാനം മാത്രമാണ് ബി.എസ്.എൻ.എല്ലിന്റെ പക്കലുള്ളത്. മികച്ച വരുമാനമുള്ള കണക്ഷൻ വിഭാഗങ്ങളിൽ മുന്നിൽ നിൽക്കുന്നത് റിലയൻസ് ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ കമ്പനികളുമാണ്.
ജീവനക്കാർ ഭാരം
കഴിഞ്ഞവർഷത്തെ കണക്കുപ്രകാരം 1,74,216 ജീവനക്കാരാണ് ബി.എസ്.എൽ.എല്ലിനുള്ളത്. ഇവരുടെ ശമ്പള, ആനുകൂല്യങ്ങൾ തന്നെ സ്ഥാപനത്തിന്റെ നട്ടെല്ലൊടിക്കുന്നു. ശമ്പളത്തിന് വേണം മാസം ₹850 കോടി. ജൂലായിൽ ശമ്പളം മുടങ്ങിയാലും അത്ഭുതപ്പെടാനില്ല. ഈ മാസം സപ്ളൈയർമാർക്കൊക്കെയായി ₹13,000 കോടി രൂപയുടെ ബാദ്ധ്യതയും ഉണ്ടാകും.
ബി.എസ്.എൻ.എൽ വാർഷിക വരുമാനത്തിന്റെ 66% ശമ്പളത്തിനും പെൻഷൻ ആനുകൂല്യങ്ങൾക്കുമാണ് വേണ്ടിവരുന്നത്. അതേസമയം, എയർടെൽ ഈയിനത്തിൽ ചെലവാക്കുന്നത് 3% മാത്രമാണ്.
നഷ്ടക്കണക്ക്
കോടിയിൽ
2013-14 ₹7,020
2014-15 ₹8,234
2015-16 ₹4,859
2016-17 ₹4,793
2017-18 ₹7,993
ബി.എസ്.എൻ.എൽ ഒറ്റ നോട്ടത്തിൽ
36.42 ദശലക്ഷം ലാൻഡ് ലൈൻ
7.13 വയർലസ് ലാൻഡ് ലൈൻ
95.96 ദശലക്ഷം മൊബൈൽ ഫോൺ
21.86 ദശലക്ഷം ഇന്റർനെറ്റ് കണക്ഷനുകൾ
34,727 ടെലിഫോൺ എക്സ്ചേഞ്ചുകൾ
9,594 മൊബൈൽ ടവറുകൾ
7,73,976 കിലോ മീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിൾ
646 ജില്ലകളിൽ മൈക്രോവേവ് സ്റ്റേഷനുകൾ
4519 പട്ടണങ്ങളിലും 6.25 ലക്ഷം ഗ്രാമങ്ങളിലും സേവനം