കൊച്ചി: മലയാള സിനിമയെക്കുറിച്ച് എല്ലാം അറിയാൻ കൊച്ചി മെട്രോയിൽ സഞ്ചരിച്ചാൽ മതി. ആഗസ്റ്റിൽ തൈക്കൂടം വരെ ഓടുന്ന കൊച്ചി മെട്രോയുടെ വൈറ്റില സ്റ്റേഷനിൽ മലയാള സിനിമയാണ് തീം . കലൂർ സ്റ്റേഷനിൽ സ്പോർട്സ് തീമായതു പോലെ വരകളോ ചിത്രങ്ങളോ അല്ല, ചലിക്കുന്നവ തന്നെയാകും വൈറ്റിലയിൽഒരുക്കുക. ഇതിന്റെ ആദ്യഘട്ട ആലോചനകൾ പൂർത്തിയായി. മലയാള സിനിമയെക്കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കിഅത് പ്രദർശിപ്പിക്കാനുള്ള സൗകര്യം ഒരുക്കുന്നതടക്കമുള്ളതാണ് പദ്ധതി. ടെക്നിക്കൽ സപ്പോർട്ടിനായി സർക്കാരിന് പദ്ധതി സമർപ്പിച്ചു. കേരള ചലച്ചിത്ര വികസന കോർപ്പറേഷന്റെ സഹായത്തോടെ ലക്ഷ്യം പൂർത്തിയാക്കാനാണ് ആലോചന.
ഏതാണ്ട് 2000 സ്ക്വയർഫീറ്റ് ചുവരുകൾ സിനിമാതീം ഒരുക്കാനായെടുക്കും. മലയാള സിനിമയ്ക്കായി ഒരു മ്യൂസിയം കൂടിയാകും ഈ മെട്രോ സ്റ്റേഷൻ എന്നാണ് അധികൃതരുടെ പ്രതീക്ഷ. സിനിമയുടെ ചരിത്രം പറയുന്നതിനൊപ്പം കൊച്ചി മെട്രോയ്ക്ക് വരുമാനം നേടിക്കൊടുക്കാൻ പുതിയ ചിത്രങ്ങളുടെ പ്രിവ്യു ഷോ, ട്രെയിലർ ലോഞ്ച് തുടങ്ങിയ സംഘടിപ്പിക്കാനുള്ള പ്രിവ്യു ഏരിയ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
എളംകുളം സ്റ്റേഷനിലായിരുന്നു ആദ്യം സിനിമ തീം നൽകാൻ ആലോചിച്ചിരുന്നത്. എന്നാൽ ഏറ്റവും കൂടുതൽ യാത്രക്കാർ വന്നിറങ്ങുന്ന, പലയിടങ്ങളിൽ നിന്നുള്ള ആളുകൾ എത്തുന്ന സ്ഥലമെന്ന നിലയിലാണ് ട്രാൻസ്പോർട്ട് ഹബ് ആയ വൈറ്റില മതിയെന്ന തീരുമാനത്തിലെത്തിയത്. താരസംഘടന അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു, മലയാള സിനിമയിലെ നിരൂപകൻ സി.എസ് വെങ്കിടേശ്വരൻ, ഓൺലൈൻ സിനിമാകൂട്ടായ്മയായ സിനിമാ പരഡിസോ ക്ളബിലെ പ്രതിനിധികളായ ജയ്‌വിഷ്ണു, ശ്രീരാജ്, സംവിധായകനായ ലിജിൻ ജോസ്, മാദ്ധ്യമപ്രവർത്തകനായ മനീഷ് നാരായണൻ എന്നിവരെ വിളിച്ചുചേർത്ത് കഴിഞ്ഞ മാസം കൊച്ചി മെട്രോ അധികൃതർ ചർച്ച നടത്തിയിരുന്നു..
സ്റ്റേഷനുകളും തീമും
സൗത്ത് സ്റ്റേഷൻ -കേരള ടൂറിസം,
കടവന്ത്ര- കേരളത്തിലെ പത്രമാദ്ധ്യമങ്ങളുടെ ചരിത്രം
എളംകുളം- വൈവിദ്ധ്യമാർന്ന ഭക്ഷണം
തൈക്കൂടം -കേരളത്തിലെ യാത്രമാർഗങ്ങളുടെ ചരിത്രം,
പേട്ട- മത്സ്യബന്ധനം