കൊച്ചി: മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ സംസ്ഥാനതല കൂട്ടായ്മയായ കേരള മദ്യവിരുദ്ധ ഏകോപനസമിതിയുടെയും കെ.സി.ബി.സി.മദ്യവിരുദ്ധ സമിതി എറണാകുളം-അങ്കമാലി അതിരൂപതയുടെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്രലഹരിവിരുദ്ധ ദിനാചരണം ഇന്ന് എറണാകുളത്ത് നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ചാർളി പോൾ അറിയിച്ചു. രാവിലെ 11ന് എറണാകുളം സെന്റ്‌മേരീസ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ ചേരുന്ന സംസ്ഥാനതല സമ്മേളനം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ഏകോപനസമിതി സംസ്ഥാന ചെയർമാൻ ജസ്റ്റിസ് പി.കെ.ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിക്കും. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ.ചന്ദ്രപാലൻ മുഖ്യസന്ദേശം നൽകും.