മൂവാറ്റുപുഴ: സുഗന്ധദ്രവ്യ വ്യാപാരത്തിന്റെ ചരിത്രങ്ങൾ ഉൾക്കൊള്ളുന്ന ചന്തക്കടവുൾപ്പെടെയുള്ള മൂവാറ്റുപുഴയിലെ പുഴക്കടവുകൾ കാടും പടലും കയറി മാലിന്യങ്ങൾ തിങ്ങി നശിക്കുന്നു. കോതമംഗലം, തൊടുപുഴ, കാളിയാർ, പുഴകളുടെ സംഗമകേന്ദ്രമായ മൂവാറ്റുപുഴ ത്രിവേണി സംഗമത്തിന്റെ കരകളിലായി സ്ഥിതിചെയ്യുന്ന കിഴക്കേക്കര കടവ്, ചന്തക്കടവ്, , പുഴക്കരക്കാവ് കടവ് എന്നിവടങ്ങളിലാണ് കാടുകയറി കടവിൽ ഇറങ്ങാൻ പറ്റാത്ത സ്ഥിതിയിലെത്തിയിരിക്കുന്നത്. നൂറുകണക്കിനാളുകൾ നിത്യവും കുളിക്കാനും നീന്തൽ പരിശീലനത്തിനുമൊക്കെ എത്തുന്ന വെള്ളൂർകുന്നം കടവുൾപ്പെടെ മൂവാറ്റുപുഴയാറിലെ പ്രധാന കടവുകളുടെയൊക്കെ അവസ്ഥ പരമദയനീയമാണ്. കൊച്ചങ്ങാടി കടവ്, തൊണ്ടിക്കടവ്, പേട്ടക്കടവ് തുടങ്ങിവയുടെയും അവസ്ഥ ഭിന്നമല്ല. ഇതിനിടയിൽ അവസരം മുതലെടുത്ത് മൂവാറ്റുപുഴയാറിലെ ചില കടവുകളും കടവിലേക്കുള്ള വഴിയും അടച്ചുകെട്ടി ചിലർ സ്വന്തവുമാക്കി.
# ഇഴജന്തുക്കളുടെ കേന്ദ്രം
മുൻകാലങ്ങളിൽ ജനങ്ങൾ തോണിയാത്രയ്ക്കും കുളിക്കുന്നതിനുമായി ഉപയോഗിച്ചിരുന്ന കടവുകൾ ഇന്നു കാടുപിടിച്ച് ഇഴജന്തുക്കളുടെ കേന്ദ്രമായി മാറി. ചെളിയും മാലിന്യങ്ങളും അടിഞ്ഞുകൂടിയിരിക്കുന്ന കടവുകൾ അവയുടെ ചരിത്ര പ്രാധാന്യം കണ്ടറിഞ്ഞു സംരക്ഷിക്കണമെന്ന ആവശ്യം അധികൃതർ അവഗണിക്കപ്പെടുകയാണെന്നു പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
# റിവർ മാനേജ്മെന്റ് കമ്മിറ്റിയുടെ അനാസ്ഥ
നേരത്തേ കടവുകൾ നഗരസഭയുടെ കീഴിലായിരുന്നപ്പോൾ വർഷത്തിലൊരിക്കൽ കാടുവെട്ടി ചെളിനീക്കം ചെയ്യുകയെങ്കിലും ചെയ്തിരുന്നു. നിലവിൽ കടവുനവീകരണം ജലവിഭവ വകുപ്പിന്റെ കീഴിലുള്ള റിവർ മാനേജ്മെന്റ് കമ്മിറ്റിയുടെ ചുമതലയാണ്. മഴയാരംഭിച്ചതോടെ കടവുകൾ തിരിച്ചറിയാൻ കൂടി കഴിയാത്ത അവസ്ഥയാണ്.