വൈപ്പിൻ: സമൂഹത്തിന്റെ പരിവർത്തനമായിരുന്നു മണ്ണാളി വിശ്വനാഥന്റെ ലക്ഷ്യമെന്നും അദ്ദേഹത്തിന്റെ കാഴ്ചപാടുകളെ യുവതലമുറ പിന്തുടരണമെന്നും ജസ്റ്റിസ് എ.എം ബാബു പറഞ്ഞു. പ്രമുഖ അഭിഭാഷകനും, പഞ്ചായത്ത് പ്രസിഡന്റും സി.പി.ഐ. നേതാവുമായിരുന്ന വിശ്വനാഥൻ മണ്ണാളിയുടെ ജന്മശതാബ്ദിയാഘോഷവും അനുസ്മരണ സമ്മേളനവും ചെറായി മണ്ണാളി ഫാമിലി ട്രസ്റ്റ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ ഒന്നായി കാണാനും അവരുടെ പരിവർത്തനവുമായിരുന്നു വിശ്വനാഥന്റെ ലക്ഷ്യം. വസ്തുതകളുടെ നിജസ്ഥിതി പഠിച്ച് തീരുമാനങ്ങൾ എടുക്കാനും അടിസ്ഥാനവർഗത്തിന്റെ പുരോഗതിയെ ലക്ഷ്യമാക്കിയുള്ള പ്രവർത്തനവുമായിരുന്നു അദ്ദേഹത്തിന്റേത്. സമ്മേളനത്തിൽ സാജൻ മണ്ണാളി അദ്ധ്യക്ഷത വഹിച്ചു. പി.ടി തോമസ് എം എൽ എ, ഡോ. കെ.ജി പവിത്രൻ, ഇ.സി ശിവദാസ് എന്നിവർ സംസാരിച്ചു.