വൈപ്പിൻ: പള്ളിപ്പുറം ഗവ. ആയുർവേദ ആശുപത്രിയിൽ വയോധികർക്ക് മരുന്ന് വിതരണം മുടങ്ങുന്നതായി ആക്ഷേപം. ഒരുമാസത്തേക്കുള്ള അരിഷ്ടം, കുഴമ്പ്, എണ്ണ എന്നിവ ഒന്നിച്ചാണ് വയോധികർക്ക് നൽകിവന്നിരുന്നത്. എന്നാൽ ഈ സാമ്പത്തിക വർഷം ആരംഭിച്ചതിനു ശേഷം പഞ്ചായത്ത് മരുന്നിനാവശ്യമായ തുക അനുവദിക്കാത്തതിനാൽ മരുന്നുകൾ ഒരു മാസത്തേക്ക് ഒറ്റത്തവണയായി നൽകി വരുന്നില്ല.
എന്നാൽ മുൻവർഷത്തെ പോലെ ഈ സാമ്പത്തികവർഷവും സാധാരണ രോഗികൾക്കായി 8 ലക്ഷം രൂപയും വയോധികർക്ക് പ്രത്യേകമായി 4 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ടെന്ന് പള്ളപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ വ്യക്തമാക്കി. ഫണ്ടില്ലാത്തതിനാലാണ് മരുന്ന് വിതരണം മുടങ്ങിയതെന്ന ആക്ഷേപത്തിൽ കഴമ്പില്ല. വകയിരുത്തുന്ന തുക വിനിയോഗിക്കേണ്ടത് ആശുപത്രി അധികൃതരാണ്. മറ്റേതെങ്കിലും കാരണം കൊണ്ടായിരിക്കാം മരുന്ന് വിതരണത്തിന് തടസ്സമുണ്ടായെന്നാണ് പഞ്ചായത്തിന്റെ വാദം.