വൈപ്പിൻ: കഴിഞ്ഞ കുറെ വർഷങ്ങളായി ഇത്തവണയും കാലവർഷാരംഭത്തിൽ ചെറായി ബീച്ചിന്റെ മനോഹരമായ തീരം കടലമ്മ കൊണ്ടുപോയി. കാലവർഷം ആരംഭിക്കുമ്പോൾ തീരം കടലെടുക്കുകയും വർഷങ്ങൾക്ക് മുമ്പ് നിക്ഷേപിച്ച കരിങ്കല്ലുകൾ മാത്രം തീരത്തവശേഷിക്കുകയും ചെയ്യ്തു. ആയിരക്കണക്കിന് സന്ദർശകർ ബീച്ചിൽ വന്നെത്തുന്നത് ബീച്ചിലെ സീവാളിനപ്പുറം കടലിലേക്ക് ഇറങ്ങിക്കിടക്കുന്ന തീരത്ത് കറങ്ങി നടക്കാനും കടലിൽ കുളിക്കാനുമാണ്. എന്നാൽ തീരം കടലെടുത്താൽ കരിങ്കല്ലു പാകി കിടക്കുന്ന സ്ഥലത്തേക്ക് സന്ദർശകർക്ക് ഇറങ്ങാനാകുകയോ കടലിൽ കുളിക്കാനാവുകയോ സാധ്യമല്ല.
കാലവർഷം കുറഞ്ഞു തുടങ്ങുമ്പോൾ കടൽ കൊണ്ടുപോയ തീരത്ത് കടലിൽ നിന്ന് മണ്ണ് അടിച്ചുകയറുകയും രണ്ടുമൂന്നു മാസം കൊണ്ട് തീരം പഴയപ്രതാപത്തിൽ തിരിച്ചെത്തുകയും ചെയ്യും. ഈ പ്രവണത കാണാൻ തുടങ്ങിയിട്ട് ഇപ്പോൾ കുറച്ചു വർഷങ്ങളായി. വർഷങ്ങൾക്ക് മുമ്പ് ചെറായി ബീച്ച് പ്രശസ്തമല്ലാത്തതിനാൽ അത് ആരേയും അലോസരപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇന്ന് അതല്ല സ്ഥിതി. ആയിരക്കണക്കിന് ആളുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും ചെറായിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ചെറായി ബീച്ചിൽ ഒട്ടേറെ റിസോർട്ടുകളും ഹോംസ്റ്റേകളും രൂപപ്പെട്ടുകഴിഞ്ഞു. ജീവനക്കാർ ഉൾപ്പെടെ നൂറുകണക്കിനാളുകൾ ഇന്ന് ബീച്ചിനെ ആശ്രയിച്ച് ജീവിക്കുന്നു.
കാലവർഷക്കാലത്തെ തീരം നഷ്ടപ്പെടലിന് ഏകപരിഹാരം പുലിമുട്ട് നിർമ്മാണമാണെന്നാണ് വിദഗ്ദ്ധ പക്ഷം. ഇക്കാര്യം നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലങ്ങളായി . വൈപ്പിൻകരയിൽ എടവനക്കാട് പ്രദേശത്ത് പുലിമുട്ട് നിർമ്മാണത്തിനുള്ള നടപടികളായിട്ടുണ്ട്. ചെറായി ബീച്ചിലും പുലിമുട്ട് നിർമ്മാണത്തിനുള്ള പദ്ധതി സ്ഥലം എം.എൽ.എ. തയ്യാറാക്കി അധികൃതർക്ക് സമർപ്പിച്ചിട്ടുണ്ടെങ്കിലും നടപടികൾ ഇതുവരെ ഫലവത്തായിട്ടില്ല.