ന്യൂഡൽഹി: റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ വിരാൽ ആചാര്യ രാജി വച്ചു. ആറുമാസം കാലാവധി ശേഷിക്കേയാണ് വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞുള്ള രാജി. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപനജോലി തുടരാനാണ് അദ്ദേഹം ഒഴിഞ്ഞതെന്ന് ആർ.ബി.ഐ ഡയറക്ടർ സതീഷ് മാറാത്തേ പറഞ്ഞു. റിസർവ് ബാങ്കിന് കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടാകേണ്ടതിനെക്കുറിച്ച് സർക്കാരിനെ പ്രതിക്കൂട്ടിൽ നിറുത്തുന്ന രീതിയിൽ അടുത്തിടെ വിരാൽ നടത്തിയ ദീർഘമായ പ്രസംഗം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. വിരാൽ ആചാര്യ ഉൾപ്പടെ നാല് ഡെപ്യൂട്ടി ഗവർണർമാരാണ് റിസർവ് ബാങ്കിലുള്ളത്.
2017ൽ നിയമിതനായ വിരാലാണ് റിസർവ് ബാങ്കിന്റെ ധനനയ രൂപീകരണത്തിന്റെ ചുമതല വഹിച്ചിരുന്നത്. ഗവർണർ ശക്തികാന്ത് ദാസുമായി വായ്പാ നയങ്ങൾ സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങളുള്ളതായും സൂചനയുണ്ടായിരുന്നു. ധനകമ്മി നികത്താൻ റിസർവ് ബാങ്കിൽ നിന്ന് കേന്ദ്രസർക്കാർ പണം ആവശ്യപ്പെട്ടതിനെ ശക്തമായി എതിർത്തവരാണ് മുമ്പ് രാജിവച്ച ഗവർണർ ഉൗർജിത് പട്ടേലും വിരാൽ ആചാര്യയും.