road
തകർന്ന് തരിപ്പണമായ പൈപ്പ് ലൈൻ റോഡിന്റെ കുന്നത്തേരി ഭാഗം

ആലുവ: വർഷങ്ങളായി തകർന്നു തരിപ്പണമായി കിടക്കുന്ന ആലുവ - കളമശേരി പൈപ്പ് ലൈൻ റോഡ് റീം ടാറിംഗ് നടത്തണമെന്ന ആവശ്യം ശക്തമായി. മഴക്കാലം ആരംഭിച്ചതോടെ ഇതുവഴിയുള്ള യാത്ര ദുസ്സഹമായി. കാൽനടയാത്രക്കാർക്ക് പോലും സഞ്ചരിക്കാനാകാത്തത്ര രീതിയിലാണ് റോഡിൽ ചെളിവെള്ളം കെട്ടിക്കിടക്കുന്നത്.

തായിക്കാട്ടുകര മുതൽ ചൂർണ്ണിക്കര പഞ്ചായത്തിന്റെ അതിർത്തി വരെയാണ് സഞ്ചരിക്കാൻ പോലുമാകാത്ത വിധം തകർന്ന് കിടക്കുന്നത്. മഴവെള്ളം ഒഴുകിപ്പോകാതെ കിടക്കുന്നതിനാൽ കുഴിയുടെ ആഴമറിയാതെ കയറിയിറങ്ങുന്ന വാഹനങ്ങളും ഓഫായി പോകാറുണ്ട്. ഓട്ടോറിക്ഷകൾ ഈ ഭാഗത്തേക്ക് ഓട്ടം വിളിച്ചാൽ പോലും വരാതെയായി. വരുന്നവർക്കാണെങ്കിൽ ഇരട്ടിയിലധികം പണം നൽകേണ്ട അവസ്ഥയാണ്. ദേശീയപാതയിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ കളമശേരി എച്ച്.എം.ടി റോഡിലേക്കും സീപോർട്ട് എയർപോർട്ട് റോഡിലേക്കും പോകാനായി പൈപ്പ് ലൈൻ റോഡാണ് വാഹനങ്ങൾ ഉപയോഗിക്കുന്നത്.

ടാറിംഗ് പൂർത്തിയാക്കിയാൽ കൂടുതൽ വാഹനങ്ങൾ ഓടുമെന്നതിന്റെ പേരിലാണ് വാട്ടർ അതോറിട്ടി അതിന് തയ്യാറാകാത്തതെന്ന് സൂചനയുണ്ട്. നിരവധി വിദ്യാർത്ഥികളുടേയും യാത്ര മാർഗ്ഗമായ പൈപ്പ് ലൈൻ റോഡ് അറ്റകുറ്റപ്പണി നടത്താൻ വാട്ടർ അതോറിറ്റി അടിയന്തിരമായി തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.