മൂവാറ്റുപുഴ: നഗരത്തിൽ രാത്രിയുടെ മറവിൽക്കൊണ്ടുവന്ന് മാലിന്യം തട്ടുന്നവരെ പിടികൂടാനാണ് നഗരസഭാ അധികാരികൾ മുൻകൈയെടുത്ത് കഴിഞ്ഞയിടെ 15 കേന്ദ്രങ്ങളിൽ നിരീക്ഷണകാമറകൾ സ്ഥാപിച്ചത്. കൂടുതൽ സ്ഥലത്തേക്ക് ഇത് വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപനവുമുണ്ടായിരുന്നു. മാലിന്യനിക്ഷേപമുൾപ്പെടെയുള്ള ജനവിരുദ്ധനടപടികൾ വീക്ഷിക്കുമെന്നും വലിയ പിഴ അടക്കേണ്ടിവരുമെന്നും അധികാരികൾ മുന്നറിയിപ്പ് നൽകിയിരുന്നു. തുടക്കത്തിൽ ഈ നീക്കം വിജയിച്ചിരുന്നു. മാലിന്യം നിക്ഷേപിക്കുന്നവർ മുനിസിപ്പൽ പരിധിക്ക് പുറത്ത് ഇതിന് ഇടം കണ്ടെത്തിയതോടെ സമീപപഞ്ചായത്തുകളിലെ ജനങ്ങൾക്ക് പാരയായി . അവർ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. അതോടെ വീണ്ടും കാര്യങ്ങൾ പഴയപടിയിലേക്ക് നീങ്ങുകയാണ്.
നഗരസഭാ അധികാരികളെ വെല്ലുവിളിച്ച് കഴിഞ്ഞദിവസം ഇ.ഇ.സി മാർക്കറ്റ് റോഡിലെ നിരീക്ഷണകാമറയുടെ ചുവട്ടിൽത്തന്നെ മാലിന്യം നിക്ഷേപിച്ചു. വിവാഹ വീടുകളിൽ നിന്നുള്ള ലോഡ് കണക്കിന് മാലിന്യമാണ് നിക്ഷേപിച്ചത്. മാലിന്യം കാക്ക കൊത്തി വലിച്ച് റോഡിലേക്കും സ്റ്റേഡിയം ഗ്രൗണ്ടിലേക്കും സമീപത്തെ വീടുകളിലേക്കും മറ്റും ഇടുന്നത് പ്രദേശവാസികൾക്ക് വീണ്ടും ദുരിതമായി. മഴ പെയ്യുന്നതിനാൽ കാര്യങ്ങൾ കൂടുതൽ വഷളായി.
നിരീക്ഷണ കാമറ വന്നത് പ്രതിഷേധത്തിനൊടുവിൽ
രാത്രിയിൽ തിരക്കുകുറഞ്ഞ പ്രദേശമായതിനാൽ ഇവിടം മാലിന്യനിക്ഷേപം നടത്തുന്നവരുടെ സ്ഥിരകേന്ദ്രമായി മാറിയിരുന്നു. സമീപ പഞ്ചായത്തുകളിൽ നിന്നടക്കം രാത്രി കാലങ്ങളിൽ വാഹനത്തിൽ വൻതോതിൽ മാലിന്യമെത്തിയിരുന്നു. അറവുശാലകളിലും മത്സ്യസ്റ്റാളുകളിലും നിന്നുൾപ്പെടെയുള്ള മാലിന്യങ്ങളാണ് ഇവിടെ നിക്ഷേപിച്ചിരുന്ന്. ഇവ ചീഞ്ഞളിഞ്ഞ് ദുർഗന്ധം പരത്തിയതോടെ പരിസരവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. അവർ തന്നെ മുൻകൈയെടുത്ത് ഇവിടങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്തു. മാലിന്യം നിക്ഷേപിക്കരുതെന്ന ബോർഡും സ്ഥാപിച്ചു. എന്നാൽ കുറച്ചുദിവസത്തെ ഇടവേളയ്ക്കുശേഷം കാര്യങ്ങൾ വീണ്ടും പഴയപടിയായി. ഒടുവിൽ പ്രദേശവാസികളുടെ പ്രതിഷേധം കണക്കിലെടുത്ത് നഗരസഭയുടെ നേതൃത്വത്തിൽ ഇവിടെ നിരീക്ഷണകാമറ സ്ഥാപിച്ചു. ഇതോടെ പ്രശ്‌നപരിഹാരമായെന്ന് കരുതിയിരിക്കുമ്പോഴാണ് വീണ്ടും മാലിന്യംകൊണ്ടുവന്ന് തട്ടിയത്.
വേണം ശക്തമായ നടപടി
ഇ.ഇ.സി.മാർക്കറ്റ് റോഡിലെ കാമറയ്ക്ക് ചുവട്ടിൽ മാലിന്യം നിക്ഷേപിച്ചവർക്കെതിരെ കാമറാദൃശ്യങ്ങൾ പരിശോധിച്ച് പിഴ ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികളും കച്ചവടക്കാരും മുനിസിപ്പൽ അധികാരികളോട് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകും.
എല്ലാം ശരിയാക്കും
പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കാര്യങ്ങൾ പഴയപടിയാക്കാൻ സമ്മതിക്കില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും മുനിസിപ്പൽ അധികാരികൾ അറിയിച്ചു.