തൃപ്പൂണിത്തുറ: വാടകവീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ വീട്ടിൽക്കയറി ആക്രമിച്ച് വീട് ഒഴിപ്പിക്കാൻ ശ്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. വീട്ടുടമ തൃപ്പൂണിത്തുറ കല്ലുവായിൽ വീട്ടിൽ സോളമൻ തോമസ് (65), തെക്കൻപറവൂർ കൊച്ചുപാലത്തിങ്കൽ വീട്ടിൽ അഡ്വ. ദിലീഷ് ജോൺ (37), മൂവാറ്റുപുഴ കല്ലൂർക്കാട് വീട്ടിൽ പ്രിൻസ് എന്ന് വിളിക്കുന്ന റിൻസ് (40) , തമ്മനംകുറ്റിയിൽ വീട്ടിൽ പ്രമോദ് (39) എന്നിവരെയാണ് ഹിൽപാലസ് പൊലീസ് അറസ്റ്റുചെയ്തത്.
തൃപ്പൂണിത്തുറ തെക്കുംഭാഗം ശ്രീകുമാരമംഗലം ക്ഷേത്രത്തിന് പടിഞ്ഞാറ് വശം ഐശ്വര്യാ നഗറിൽ വാടകയ്ക്ക് താമസിക്കുന്ന പരേതനായ മുൻ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ ശൈലജയെ (70 ) ആണ് വീട്ടുടമയുടെയും അഭിഭാഷകന്റെയും നേതൃത്വത്തിൽ മറ്റു രണ്ടുപേരുമായി ചേർന്ന് ഒഴിപ്പിക്കാൻ ശ്രമിച്ചത്.
ഞായറാഴ്ച രാവിലെ വൃദ്ധ വീടുപൂട്ടി പുറത്തുപോയിരുന്നു. ഈ സമയത്താണ് വീട്ടുടമയും മറ്റ് മൂന്നുപേരും വീടിന്റെ വാതിൽ കുത്തിത്തുറന്ന് അകത്തുകയറി. ഉച്ചയ്ക്കുശേഷം വൃദ്ധ സ്ഥലത്തെത്തിയപ്പോൾ വീടു തുറന്നുകിടക്കുന്നത് കണ്ടു. വീട്ടിലുണ്ടായിരുന്നവർ തിന്നുംകുടിച്ചും രസിക്കുകയായിരുന്നു. തുടർന്ന് വൃദ്ധയുമായി ബഹളംവെച്ച് വൃദ്ധയെ ആക്രമിക്കുകയും ഗൃഹോപകരണങ്ങൾ നശിപ്പിക്കുകയും വീട്ടിനുള്ളിലെ സാധനങ്ങളെല്ലാം നശിപ്പിച്ച് വലിച്ചുവാരി പുറത്തിടുകയും ചെയ്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെയും അക്രമി സംഘം ഭീഷണിപ്പെടുത്തിയിരുന്നു.
റിൻസും പ്രമോദും മുൻപും പല ക്രിമിനൽ കേസുകളിൽ ഉൾപ്പെടെവരാണ്. ശൈലജയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തൃപ്പൂണിത്തുറ സി.ഐ. പി.രാജ്കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ കെ.ആർ. ബിജു ,എസ്.സി.പി.ഒ നിജാസ് ,ശ്യാംലാൽ ,ഷാൻ മുഹമ്മദ് എന്നിവരുടെ നേതൃത്യത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അക്രമിസംഘം വന്ന കാറും ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.