പറവൂർ : ചേന്ദമംഗലം പഞ്ചായത്ത് പതിനെഴാം വാർഡിലെ കുടുംബശ്രീയും ഗോതുരുത്ത് ഗ്രാമീണ വായനശാലയും ചേർന്ന് നടത്തുന്ന ‘അമ്മ വെളിച്ചം അക്ഷരവെളിച്ചം’ പദ്ധതി പറവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ടൈറ്റസ് ഗോതുരുത്ത് ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി പുസ്തകങ്ങൾ വായിക്കാൻ താൽപര്യമുള്ള അമ്മമാർക്ക് കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ വായനശാലയിൽ നിന്നു പുസ്തകങ്ങൾ എത്തിച്ചു കൊടുക്കും. വായനക്കുറിപ്പുകൾ തയാറാക്കുന്ന അമ്മമാർക്ക് എല്ലാ മാസവും സമ്മാനങ്ങൾ നൽകും. അമ്മമാരിലൂടെ കുട്ടികളെ വായനയിലേക്ക് അടുപ്പിക്കുന്നതിനു വേണ്ടിയാണു പദ്ധതി ആവിഷ്ക്കരിച്ചതെന്ന് വായനശാല പ്രസിഡന്റ് എം.എക്സ്. മാത്യു പറഞ്ഞു.