കൊച്ചി: തുമ്പൂർമുഴിയിലെ പുഷ്പശലഭങ്ങൾ, അതിരപ്പിള്ളിയിലെ നയാഗ്ര, വാഴച്ചാലിലെ വെള്ളിച്ചില്ലു പോലുള്ള ഒഴുക്ക്, മഴയിൽ കിളിർത്തൊഴുകുന്ന ചാർപ്പ, പെരിങ്ങൽക്കുത്തിന്റെ പവർ, ഷോളയാറിന്റെ നിറവ്, സഹ്യന്റെ മക്കൾ ആർത്തുമദിക്കുന്ന ആനക്കയം... ടൂറിസം വകുപ്പിന്റെ കീഴിലുള്ള അതിരപ്പിള്ളി–വാഴച്ചാൽ – മഴത്തുള്ളികൾക്കിടയിലൂടെ സുന്ദര കാഴ്ചകൾ കാണേണ്ടേ....
തുമ്പൂർമൂഴി ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കൗൺസിലാണ് മഴക്കാലത്തും കാട്ടുപാതകളിലൂടെ യാത്ര കൊണ്ടുപോകുന്നത്. ചാലക്കുടി പി.ഡബ് ള്യു.ഡി. റസ്റ്റ് ഹൗസിൽ രാവിലെ എട്ടുമണിയ്ക്ക് വാഹനം റെഡി. നേരേ തുമ്പൂർമൂഴി ഗാർഡനിലേക്ക്. കേരളത്തിലെ ഏറ്റവും വലിയ തൂക്കുപാലത്തിൽ കയറാം. പുഴയുടെ നെടുവീർപ്പുകൾ കേൾക്കാം, കാതോർത്താൽ. തൂക്കുപാലം ഇറങ്ങിവരുമ്പോൾ ഭക്ഷണശാലയിൽ പ്രാതൽ തയ്യാർ. ചക്കപ്പുട്ട്, ചക്കമടൽ കൊണ്ടുളള കറി, ചക്കപ്പായസം, ഉണ്ണിയപ്പം, കട്ലറ്റ്, ഉണ്ട...എല്ലാം ചക്കമയം. ടൂറിസം വകുപ്പ് നൽകുന്ന കിറ്റിൽ അയമോദകവും മറ്റും അടങ്ങിയ ഔഷധക്കൂട്ടു ചേർത്ത മരുന്നിന്റെ ചെറിയ ഉരുളയുമുണ്ട്. പ്രതിരോധശേഷിയ്ക്കും പനിയും മറ്റു രോഗങ്ങളും വരാതിരിക്കാനുമുള്ള ആ മരുന്നും കഴിച്ചശേഷം അതിരപ്പിള്ളിയിലേക്ക്.
ജൂൺ– ജൂലായ് മാസങ്ങളിൽ മാത്രം സുന്ദരിയാകുന്ന ചാർപ്പയാണ് അടുത്തകേന്ദ്രം. പതഞ്ഞൊഴുകുന്ന ചാർപ്പയെ റോഡിൽ നിന്ന് കാണാം. വാഴച്ചാലിലേക്കുള്ള വഴിയിൽ കോടയും മഴയും. പിന്നെ, പെരിങ്ങൽകുത്തിലേക്ക്. കാടുകളുടെ മറവുപറ്റി മ്ളാവുകൾ, കാട്ടുപോത്ത്...മഴയിൽ അവയെല്ലാം വഴിയോരത്തേയ്ക്കും വന്നേക്കാം. പെരിങ്ങൽക്കുത്തിൽ ഇൻസ്‌പെക്ഷൻ ബംഗ്ലാവിലാണ് മത്സ്യവും മാംസവും ഉൾപ്പെടെയുളള ഉച്ചഭക്ഷണം. ബ്രിട്ടീഷ് നിർമ്മാണചാരുത. പുരാതനമെങ്കിലും ആധുനികമെന്ന് വിളിച്ചുപറയുന്ന വാസ്തുസൗന്ദര്യം. അകലെ കോടയിൽ പുതഞ്ഞ് ഡാം.
നാട്ടിലെ മഴയല്ല, കാട്ടിലെ മഴ
ബംഗ്ളാവിന്റെ പരിസരത്താണ് കുടചൂടിയുള്ള മഴയാത്ര. അതനുഭവിച്ചാൽ നാട്ടിലെ മഴയല്ല, കാട്ടിലെ മഴ എന്ന് പറയാത്തവർ ആരുമുണ്ടാകില്ല. ഇരുണ്ടകാട്. കനത്ത നിശബ്ദത. എല്ലാം മറന്ന് നടക്കാം. ഷോളയാറിലേക്കുള്ള വഴിയിൽ ആനക്കയമുണ്ട്. ഷോളയാർ ഡാമിൽ വെള്ളം കുറവാണെങ്കിലും സുന്ദരം. തിരികെ മടങ്ങുമ്പോഴേയ്ക്കും കോടമഞ്ഞിൽ പുതഞ്ഞ് ഇരുട്ട് പരക്കാൻ തുടങ്ങും. വാഴച്ചാലിലെ ഹോട്ടലിൽ കപ്പ പുഴുങ്ങിയതും കാന്താരിച്ചമ്മന്തിയും കരിപ്പട്ടിക്കാപ്പിയും. ഏഴ് മണിയോടെ വണ്ടി തിരിച്ച് ചാലക്കുടിയിലെത്തുമ്പോൾ മഴ തോർന്നാലും പെയ്യുന്നുണ്ടാകും, കുളിരുള്ള ഓർമ്മകൾ...
നിരക്ക്: ഒരാൾക്ക് 1000 രൂപ.
ഫോൺ: 0480 2769888, 9497 069 888