#ലൈഫ് പദ്ധതി അട്ടിമറിച്ചെന്ന് പ്രതിപക്ഷം.
സർക്കാർ ഭാഗത്തുണ്ടായ കാലതാമസമെന്ന് ചെയർമാൻ
പറവൂർ : പറവൂർ നഗരസഭയിൽ ലൈഫ് പദ്ധതി അട്ടിമറിച്ചെന്നാരോപിച്ച് കൗൺസിലിൽ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി. നഗരസഭ ഓഫിസിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.രണ്ടു വർഷം മുമ്പാണ് വാർഡ് സഭകളിലൂടെ ഗുണഭോക്താക്കളെ കണ്ടെത്തിയത്.സർക്കാർ റവന്യു ഭൂമി ലഭ്യമാക്കുന്നതിനോ സ്വന്തമായി സ്ഥലം കണ്ടെത്തുന്നതിനോ നഗരസഭ നടപടിയെടുത്തില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ആഫ്രിക്കൻ ഒച്ചുകൾ പെരുകിയിട്ടും ഉന്മൂലനം ചെയ്യാനുള്ള പ്രവർത്തനങ്ങൾ ഉണ്ടായില്ല. കച്ചേരിമൈതാനിയിൽ മാലിന്യങ്ങൾ ചീഞ്ഞുനാറുന്നു. ശുചിമുറി ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. നഗരസഭാതിർത്തിയിലെ അനധികൃത കെട്ടിടനിർമാണത്തിനെതിരെ നടപടിയെടുക്കുന്നില്ല. വെടിമറയിലെ അറവുശാലയിൽ നിന്നു മാലിന്യം ഒഴുക്കുന്നതിനെതിരെ പരാതി നൽകിയിട്ടും നടപടിയെടുത്തില്ല തുടങ്ങിയ ആരോപണങ്ങളാണ് പ്രതിപക്ഷം കൗൺസിലിൽ ഉന്നയിച്ചത്.
-----------------------------------------------------
#സർക്കാരിന്റെ ഭാഗത്തുണ്ടായ കാലതാമസം : ചെയർമാൻ
ലൈഫ് പദ്ധതിയിൽ നഗരസഭയിൽ 299 ഗുണഭോക്താക്കളാണുള്ളത്. വാട്ടർ അതോറിറ്റിയുടെ കീഴിൽ കെടാമംഗലത്തും താമരവളവിലുമുള്ള ഉപയോഗിക്കാത്ത സ്ഥലവും, ഫയർ സ്റ്റേഷന് സമീത്തുള്ള റവന്യു വകുപ്പിന്റെ സ്ഥലവും വിട്ടുകിട്ടുന്നതിനായി നടപടികൾ പൂർത്തീകരിച്ചു. സർക്കാരിലേക്ക് അയച്ചിട്ടു രണ്ടുവർഷം കഴിഞ്ഞിട്ടും സർക്കാരിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടായില്ലെന്ന് നഗരസഭാ ചെയർമാൻ രമേഷ് ഡി.കുറുപ്പ് പറഞ്ഞു.