കുടിവെള്ളം മുടങ്ങും

കൊച്ചി : കലൂർ എളമക്കര റോഡിൽ പേരണ്ടൂരിൽ ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് പൊളിഞ്ഞു. ഇതുവഴി ഗതാഗതവും തടസപ്പെട്ടു. റോഡിന്റെ നടുവിലുള്ള വലിയ ഇരുമ്പ് പൈപ്പിൽ ഘടിപ്പിച്ച പി.വി.സി പൈപ്പ് പൊട്ടിയതാണെന്ന് അധികൃതർ പറഞ്ഞു. ഇതുവഴിയുള്ള പമ്പിംഗ് നിറുത്തിവച്ചു.
പൈപ്പ് പൊട്ടിയതുമൂലം ഇന്നും നാളെയും കലൂരിൽ ഭാഗികമായും എളമക്കരയിൽ പൂർണമായും കുടിവെള്ളവിതരണം മുടങ്ങുമെന്ന് എക്‌സിക്യുട്ടീവ് എൻജിനിയർ ഷേർളി അറിയിച്ചു. പൊട്ടിയ പൈപ്പ് നന്നാക്കുന്ന ജോലികൾ ആരംഭിച്ചു.
റോഡിൽ വിള്ളൽ വീണതോടെ ഇതുവഴിയുള്ള ഗതാഗതവും താത്കാലികമായി നിറുത്തിവച്ചു. പൈപ്പ് യോജിപ്പിച്ച് റോഡ് നന്നാക്കി ഗതാഗതം വീണ്ടുമാരംഭിക്കാൻ രണ്ടുദിവസം വേണ്ടിവരുമെന്ന് അധികൃതർ പറഞ്ഞു.