കൊച്ചി: ഇ -ഗവേണൻസ് നടപ്പിലാക്കുന്നതിൽ പരാജയം സമ്മതിച്ച് മേയറും ഡെപ്യൂട്ടി മേയറും. കോർപ്പറേഷനിൽ ഓൺലൈൻ സംവിധാനം നടപ്പിലാക്കാൻ ചുമതലപ്പെടുത്തിയ ടാറ്റ കൺസൾട്ടൻസി സർവീസ് (ടി.സി.എസ്) വിവരങ്ങൾ പൂർണമായി അപ് ലോഡ് ചെയ്തുവെന്ന് അവകാശപ്പെടുമ്പോഴും ജനങ്ങൾക്ക് ഉപകാരപ്പെടുന്നില്ലെന്ന് മേയർ സൗമിനി ജെയിൻ സമ്മതിച്ചു. സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് മേയറുടെ അദ്ധ്യക്ഷതയിൽ മേയ് 15 ന് സി.സി.എസ്, കൺസൾട്ടന്റായ വിപ്രോ, ഐ.കെ.എം പ്രതിനിധികൾ എന്നിവരുടെ യോഗം വിളച്ചുചേർത്തിരുന്നു. യോഗത്തിൽ നിന്ന് വിപ്രോ വിട്ടുനിന്നു. ടി.സി.എസ് ഇതുവരെ ചെയ്ത പ്രവൃത്തികൾ ജൂൺ പത്തിന് സംയുക്തമായി പരിശോധിക്കാമെന്ന് അന്ന് തീരുമാനിച്ചുവെങ്കിലും നിശ്ചിതദിവസം കോർപ്പറേഷൻ ജീവനക്കാർ മാത്രമാണ് ഹാജരായത്. ഈ സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കഴിഞ്ഞ 22 ന് വീണ്ടും സർക്കാരിന് കത്തയച്ചുവെന്ന് മേയർ പറഞ്ഞു.

കോർപ്പറേഷനുമായി നിസഹകരിക്കുന്ന ഈ ഏജൻസിയുമായി മുന്നോട്ടുനീങ്ങാൻ കഴിയില്ലെന്ന് ഡെപ്യൂട്ടിമേയർ ടി.ജെ.വിനോദ് പറഞ്ഞു. അതേസമയം ഇ-ഗവേൺസ് പരാജയത്തിനെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷം ഉന്നയിച്ചത്.
പദ്ധതി നടപ്പിലാക്കാൻ ഇതുവരെ 4.5 കോടി രൂപയാണ് കോർപ്പറേഷനിൽ നിന്ന് ടി.സി.എസ് കൈപറ്റിയത്. പ്രവർത്തനം എത്രത്തോളം നടന്നുവെന്ന് വിലയിരുത്താതെ അവർ ആവശ്യപ്പെട്ട തുക നൽകിയത് സംബന്ധിച്ചും പ്രതിപക്ഷം വിമർശനമുന്നയിച്ചു. എന്നാൽ ടി.സി.എസിന്റെ പ്രവൃത്തി വിലയിരുത്താൻ ടെക്‌നിക്കൽ ഓഫീസർ ഇല്ലെന്നായിരുന്നു മേയറുടെ മറുപടി. കരാർ തെറ്റിച്ച കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ കൗൺസിലർ വി.പി. ചന്ദ്രൻ ആവശ്യപ്പെട്ടു.