കൊച്ചി: നഗരസഭാ പരിധിയിൽ സ്ഥാപിച്ചിരിക്കുന്ന താത്കാലിക പരസ്യങ്ങൾ, സിനിമ പോസ്റ്ററുകൾ, ഹോർഡിംഗ്സ് എന്നിവയ്ക്ക് കൃത്യമായ നികുതി ലഭിക്കുന്നുണ്ടോയെന്ന് പരിശോധന നടത്തണമെന്ന് പ്രതിപക്ഷം കൗൺസിലിൽ ആവശ്യപ്പെട്ടു. ഈയിനത്തിൽ കോടികളുടെ നഷ്ടമാണ് നഗരസഭയ്ക്ക് ഉണ്ടാകുന്നത്. പോസ്റ്ററുകളും ഹോർഡിംഗ്സും സ്ഥാപിച്ചവരെ വിളിച്ച് അദാലത്ത് നടത്തണമെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ.ആന്റണി ആവശ്യപ്പെട്ടു. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി നടത്തിയ പരിശോധനയിൽ 17 ഇടങ്ങളിൽ അനധികൃതമായി താത്കാലിക പരസ്യങ്ങളും സിനിമാ പോസ്റ്ററുകളും ഹോർഡിംഗ്സും സ്ഥാപിച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 274 മാസ്റ്റർ ബോർഡുകൾ അനധികൃതമായി സ്ഥാപിച്ചിട്ടുണ്ട്. തെരുവ് വിളക്ക് കാലിൽ ടെൻഡർ കാലാവധി കഴിഞ്ഞിട്ടും പരസ്യം പതിച്ചത് പിൻവലിച്ചിട്ടില്ല.
പുതിയ ടെൻഡർ വിളിക്കുമ്പോൾ ഇക്കാര്യങ്ങൾ ഗൗരവപരമായി പരിഗണിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മേയർ അംഗീകരിച്ചു. ഹോർഡിംഗ്സുകൾ സ്ഥാപിക്കുന്നതിന് പെർമിറ്റ് ഫീസ് മാത്രമാണ് നിലവിൽ ഈടാക്കുന്നത്. വീണ്ടും ടെൻഡർ വിളിക്കുമ്പോൾ കരാർ ലംഘിച്ചാൽ കരാറുകാരനെതിരെ സ്വീകരിക്കുന്ന ശിക്ഷാനടപടികൾ കൂടി ചേർക്കുമെന്നും മേയർ പറഞ്ഞു.