കോലഞ്ചേരി: പൊതുജനാരോഗ്യ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ ഏഴു ഹോട്ടലുകൾക്കെതിരെ പൂത്തൃക്ക പഞ്ചായത്ത് ആരോഗ്യ വിഭാഗം നടപടിയെടുത്തു. ആഴ്ചകളായി അടുക്കള ശുചികരണത്തിൽ വീഴ്ച വരുത്തിയതിനും ഹെൽത്ത് കാർഡില്ലാത്ത ജീവനക്കാരെക്കൊണ്ട് ഭക്ഷണം കൈകാര്യം ചെയ്യിപ്പിച്ചതിനും മെഡിക്കൽ കോളേജിനു സമീപത്തുള്ള വികാസ് ഹോട്ടലിനു പിഴ ചുമത്തി.
ലൈസൻസ് പുതുക്കാതെയും മാസങ്ങളായി പാചകശാലയിലെ മാലിന്യങ്ങൾ നീക്കംചെയ്യാതെ പ്രവർത്തിപ്പിച്ചതിന് ടൗണിലെ ചൈതന്യ ഹോട്ടലിനെതിരെയും നടപടിയെടുത്തു. വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന ദിവസങ്ങൾ പഴകിയ ഭക്ഷണ സാധനങ്ങൾ , മാലിന്യം കലർന്നതായി കണ്ടെത്തിയ ഭക്ഷണചേരുവകൾ എന്നിവ രണ്ട് സ്ഥാപനത്തിൽ നിന്ന് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് നശിപ്പിച്ചു. പൂത്തൃക്ക ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. സജിയുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സി.എ.സതീഷ് കുമാർ, കെ.കെ.സജീവ്, എസ്.നവാസ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.