murukan
മുരുകൻ

കൊച്ചി: വാഴക്കുല കച്ചവടത്തിന്റെ മറവിൽ കർഷകരെ വഞ്ചിച്ച് പണം തട്ടിയ പാലക്കാട് കൊഴിഞ്ഞാമ്പാറ വേലന്താവളം സ്വദേശി മുരുകനെ (34) എറണാകുളം സെൻട്രൽ പൊലീസ് അറസ്‌റ്റ് ചെയ്‌തു. വയനാട് സ്വദേശികളായ വാഴ കർഷകരുടെ പരാതിയിലാണ് ഇയാൾ കുടുങ്ങിയത്.
കർഷകരുമായി ബന്ധപ്പെട്ട് കച്ചവടം ഉറപ്പിച്ചശേഷം വാഴക്കുല മൊത്ത കച്ചവടക്കാർക്ക് എത്തിക്കാൻ ആവശ്യപ്പെടും. വാഴക്കുലയുമായി വാഹനം വരുന്ന സമയം പ്രതിയുടെ സഹായി ഏതെങ്കിലും സ്ഥലത്തുനിന്നും വാഹനത്തിൽ കയറും. മാർക്കറ്റിൽ എത്തിച്ച വാഴക്കുല വാഹനത്തിൽനിന്ന് ഇറക്കുന്ന സമയം പ്രതി സ്ഥലത്തെത്തി മൊത്തക്കച്ചവടക്കാരനിൽനിന്ന് കർഷകൻ അറിയാതെ പണം വാങ്ങി സ്ഥലം വിടും. കർഷകനോട് ഏതെങ്കിലും കടയുടെ അടയാളം പറഞ്ഞ് അവിടെ നിന്നും പണം വാങ്ങാനാണ് പിന്നീടുള്ള നിർദ്ദേശം. കർഷകൻ അവിടെയെത്തി പണം ചോദിക്കുമ്പോൾ ലഭിക്കാത്തതിനെതുടർന്ന് മാർക്കറ്റിൽ തിരികെ വന്ന് അന്വേഷിക്കുമ്പോഴാണ് തട്ടിപ്പിനിരയായ വിവരം അറിയുന്നത്. ഈ രീതിയിൽ മുരുകൻ നിരവധി തട്ടിപ്പ് നടത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ഇയാളുടെ സഹായിയെ പൊലീസ് തെരയുന്നു.

എറണാകുളം, പാലക്കാട്, കോയമ്പത്തൂർ, തൃശൂർ, പൊള്ളാച്ചി മാർക്കറ്റുകളിൽ പ്രതിയും കൂട്ടാളികളും തട്ടിപ്പ് നടത്തിയിട്ടുണ്ട്. എറണാകുളം അസി.കമ്മിഷണർ കെ.ലാൽജി, സെൻട്രൽ പൊലീസ് ഇൻസ്പെക്ടർ എസ്.വിജയശങ്കർ, എസ്.ഐ സുനുമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.