ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെന്നി ബഹനാൻ അനുഭവിച്ച പിരിമുറുക്കം മറ്റ് സ്ഥാനാർത്ഥികളിൽ നിന്ന് വ്യത്യസ്തമായിരുന്നു. പ്രചാരണം മുറുകിയ അവസ്ഥയിൽ ആരോഗ്യപ്രശ്നം മൂലം അദ്ദേഹം ആശുപത്രിയിലായി. ഡോക്ടർമാർ വിശ്രമിക്കാൻ നിർദ്ദേശിച്ചതോടെ വീടിനു പുറത്തുപോലും ഇറങ്ങാൻ കഴിയാതെ ഒമ്പതു ദിവസങ്ങൾ. എങ്കിലും പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് ചാലക്കുടിയിൽ യു.ഡി.എഫ് സംസ്ഥാന കൺവീനർ കൂടിയായ ബെന്നി ബഹനാൻ നേടിയത്.
പ്രചാരണത്തിൽ നിന്ന് മാറിനിൽക്കേണ്ടി വന്ന വിഷമകരമായ അവസ്ഥയെ എങ്ങനെയാണ് നേരിട്ടത് ?
വല്ലാത്ത സ്ഥിതിയായിരുന്നു അത്. കോൺഗ്രസ് എം.എൽ.എമാരായ വി.പി. സജീന്ദ്രൻ, അൻവർ സാദത്ത്, റോജി ജോൺ, എൽദോസ് കുന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ രംഗത്തിറങ്ങി. ഒപ്പം വി.ഡി. സതീശൻ, പി.ടി. തോമസ്, ടി.യു. രാധാകൃഷ്ണൻ, സക്കീർ ഹുസൈൻ എന്നിവരുമെത്തി. യു.ഡി.എഫ് നേതാക്കന്മാരും പ്രചാരണം ഏറ്റെടുത്തു. എം.എൽ.എമാരാണ് സ്ഥാനാർത്ഥി എനിക്ക് പകരം പര്യടനം ഏറ്റെടുത്തത്. എന്റെ അസാന്നിദ്ധ്യം ഒരിടത്തും നിഴലിച്ചില്ല. നേതാക്കന്മാരുടെയും പ്രവർത്തകരുടെയും പ്രവർത്തനം ഏറെ പ്രയോജനം ചെയ്തു. സ്ഥാനാർത്ഥി എത്തേണ്ടിടത്ത് എത്താനും പറയേണ്ടത് പറയാനും കാണേണ്ടവരെ കാണാനും അവർ തയ്യാറായി. അത് വലിയൊരു അനുഭവമായിരുന്നു. വിശ്രമം കഴിഞ്ഞ് ഞാൻ പ്രചാരണത്തിനിറങ്ങുകയും ചെയ്തു.
പാർട്ടി നേതാക്കളും സഹപ്രവർത്തകരും എങ്ങനെ ഒപ്പം നിന്നു ?
എന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസം തന്നെ ഉമ്മൻചാണ്ടി മണ്ഡലത്തിലെത്തി. രാത്രി 12 ന് അങ്കമാലിയിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം വിളിച്ചുകൂട്ടി. എല്ലാ നിർദ്ദേശങ്ങളും നൽകി. ഓരോരുത്തർക്കും ചുമതലകൾ നൽകിയാണ് അദ്ദേഹം മടങ്ങിയത്. പിറ്റേന്ന് രമേശ് ചെന്നിത്തല വന്നു. എല്ലാവർക്കും വേണ്ട നിർദ്ദേശം നൽകി. എല്ലാവരും വളരെ സജീവമായി പ്രചാരണരംഗത്ത് നിലയുറപ്പിച്ചു. എന്റെ രോഗാവസ്ഥ പ്രചാരണത്തെ ബാധിക്കരുതെന്ന നിർബന്ധമായിരുന്നു നേതാക്കൾക്ക്.
വോട്ടെടുപ്പ് കഴിഞ്ഞും പലയിടത്തും താങ്കൾ സന്ദർശനം തുടർന്നിരുന്നു. ജനങ്ങൾ എങ്ങനെയാണ് സ്വീകരിച്ചത് ?
ഒമ്പതു ദിവസത്തെ വിശ്രമം കഴിഞ്ഞ് വീണ്ടും പ്രചാരണത്തിൽ പങ്കെടുത്തിരുന്നു. പോകാൻ പറ്റാത്ത സ്ഥലങ്ങളിലെല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ പോയി. എല്ലാ പഞ്ചായത്തുകളിലും ബൂത്തുകളിലും പോയി. വോട്ടർമാരാോട് നന്ദി പറയുകയെന്ന ഉത്തരവാദിത്വം ഏറ്റവുമാദ്യം പൂർത്തിയാക്കിയ എം.പി ഞാനായിരിക്കും. വളരെ സൗഹാർദ്ദപരമായിരുന്നു ജനങ്ങളുടെ പെരുമാറ്റം. എനിക്കു വേണ്ടി പ്രാർത്ഥിച്ചുവെന്നാണ് എല്ലാവരും പറഞ്ഞത്. അതിന്റെ അനുഗ്രഹം ലഭിച്ചു.
ചാലക്കുടി തിരിച്ചുപിടിക്കുമെന്ന് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ദിവസം തന്നെ താങ്കൾ ഉറപ്പിച്ചു പറഞ്ഞിരുന്നു. എന്തായിരുന്നു ആത്മവിശ്വാസത്തിന്റെ കാരണം?
ചാലക്കുടിയിലെ എല്ലാ ഘടകങ്ങളും അന്നേ അനുകൂലമായിരുന്നു. പാർട്ടിയും മുന്നണിയിലെ ഘടകകക്ഷികളുമെല്ലാം യോജിച്ച് നിന്നു. നേതാക്കളുടെ മികച്ച പങ്കാളിത്തമുണ്ടായിരുന്നു. ദേശീയരാഷ്ട്രീയവും സംസ്ഥാനത്തെ സ്ഥിതിഗതികളും അനുകൂലമായിരുന്നു. പ്രാദേശിക വിഷയങ്ങളും അനുകൂലമായി. സ്വന്തം നാടായ പെരുമ്പാവൂർ ഉൾപ്പെട്ട പ്രദേശത്ത് മത്സരിക്കുമ്പോഴുണ്ടാകുന്ന പിന്തുണയും വല്ലാതെ സഹായിച്ചു.
പ്രളയം ഏറ്റവുധികം ബാധിച്ച മണ്ഡലമാണ് ചാലക്കുടി. പെരിയാറും ചാലക്കുടിയാറും വരുത്തിയ പ്രളയദുരിതങ്ങൾ ഇനിയും മാറിയിട്ടില്ല. എന്താണ് പരിഹാരം, ദൗത്യം ?
പ്രളയകാലത്ത് അവിടെ ജനങ്ങൾക്ക് വേണ്ടത്ര രീതിയിലുള്ള സഹായങ്ങൾ കിട്ടിയില്ലെന്നുള്ളത് സത്യമാണ്. അക്കാര്യങ്ങൾ ഇപ്പോഴും ചർച്ചാ വിഷയമാണ്. ഞങ്ങളുടെ ഏറ്റവും വലിയ ഉത്തരവാദിത്വം പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ മുഴുവനായി ലഭ്യമാക്കുകയാണ്. ജനപ്രതിനിധിയെന്ന നിലയിൽ പ്രത്യേക ശ്രമം നടത്തും. അതിന് മുൻഗണന നൽകിയിട്ടുണ്ട്.
മണ്ഡലത്തിൽ പൂർണസമയ എം.പിയായി ഉണ്ടാകുമെന്ന് പ്രചാരണവേളയിൽ വോട്ടർമാരോട് പറഞ്ഞിരുന്നല്ലോ. ?
ജനപ്രതിനിധികൾ സ്വന്തം മണ്ഡലത്തിൽ സാന്നിദ്ധ്യം അറിയിക്കണമെന്ന നിലപാടുള്ളയാളാണ് ഞാൻ. അവരുടെ സുഖദു:ഖങ്ങളിൽ പങ്കുചേരാൻ ഞാനുണ്ടാകും. വിജയിച്ചശേഷം മണ്ഡലത്തിൽ തന്നെയായിരുന്നു. വലിയ മണ്ഡലമാണ്. കഴിയുന്നിടത്തെല്ലാം ഓടിയെത്തുന്നുണ്ട്. മണ്ഡലത്തിന്റെ പടിഞ്ഞാറൻ ഏറിയാട്, കൈപ്പമംഗലം തീരമേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കടൽക്ഷോഭം ഉണ്ടായി. പെട്ടെന്ന് തടുത്ത് നിറുത്താൻ സാധിക്കുന്നതല്ല കടൽകയറ്റം. ക്യാമ്പിലേക്ക് മാറ്റിയ ജനങ്ങൾക്ക് വേണ്ട കാര്യങ്ങൾ ചെയ്യാൻ ശ്രദ്ധിച്ചിട്ടുണ്ട്.
മണ്ഡലത്തിന്റെ സ്വഭാവവും രൂപവും വിപുലമാണ്. കടൽത്തീരം മുതൽ വനമേഖല വരെയുണ്ട്. ആലുവ പോലെ വ്യവസായമേഖലയുണ്ട്. പ്രശ്നങ്ങളും വ്യത്യസ്തമാണ്. എങ്ങനെ അവയെ നേരിടാനാണ് ഉദ്ദേശ്യം ?
കടലോരം, മലയോരം, വനമേഖല എന്നിങ്ങനെ വ്യാപിച്ചു കിടക്കുന്നതാണ് മണ്ഡലം. ജനങ്ങളുടെ പ്രശ്നങ്ങളും വ്യത്യസ്തമാണ്. ഫാക്ട്, റിഫൈനറി തുടങ്ങി വലിയ പൊതുമേഖലാ സ്ഥാപനങ്ങൾ മണ്ഡലത്തിലുണ്ട്. മത്സ്യത്തൊഴിലാളികൾ, കർഷകർ, വ്യവസായ തൊഴിലാളികൾ തുടങ്ങി എല്ലാ വിഭാഗങ്ങളും ഉള്ള മണ്ഡലമാണ്. അവർ നേരിടുന്ന നിരവധി പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻഗണന നൽകും.
വിനോദസഞ്ചാരത്തിന് വിപുലമായ സാദ്ധ്യതകളുള്ള നിരവധി സ്ഥലങ്ങൾ ചാലക്കുടിയിലുണ്ട്. അവ എങ്ങനെ പ്രയോജനപ്പെടുത്തും ?
ഹെറിറ്റേജ് ടൂറിസത്തിന് വലിയ സാദ്ധ്യതകളുണ്ട്. മലയാറ്റൂർ, ഇന്ത്യയിലെ ആദ്യത്തെ മുസ്ളീം പള്ളിയായ കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദ്, ശങ്കരാചാര്യരുടെ നാടായ കാലടി തുടങ്ങിയവ പ്രധാനപ്പെട്ട ടൂറിസം മേഖലകളാണ്. ഹെറിറ്റേജ് ടൂറിസം പദ്ധതിയിലൂടെ അവയെ വികസിപ്പിക്കാൻ കഴിയും. ആതിരപ്പള്ളിയിലും ടൂറിസം വികസനത്തിന് വലിയ സാദ്ധ്യതകളുണ്ട്.
വികസന പദ്ധതികളിൽ പലതും പ്രതിസന്ധിയിലാണ്. അവ പരിഹരിക്കാൻ എങ്ങനെ ഇടപെടും ?
പല പദ്ധതികളും പൂർത്തിയാകാതെ തുടരുകയാണ്. ശബരി റെയിൽപ്പാത വലിയ പദ്ധതിയാണെങ്കിലും കാര്യമായി മുന്നേറിയിട്ടില്ല. റെയിൽവേസ്റ്റേഷനുകൾക്ക് വികസനവും നവീകരണവും ആവശ്യമാണ്. ദേശീയപാതകളുടെ വികസനവും അനിവാര്യമാണ്. അത്തരം വികസന പദ്ധതികൾക്ക് മുൻഗണന കൊടുക്കും.
തൃക്കാക്കര നിയമസഭാ സീറ്റ് കോൺഗ്രസ് രണ്ടാം തവണ താങ്കൾക്ക് അനുവദിച്ചില്ല. ഇക്കുറി ലോക്സഭാ സീറ്റ് തന്ന് അംഗീകരിച്ചു. എന്ത് തോന്നുന്നു ?
തൃക്കാക്കരയിൽ മത്സരിക്കാത്തതുകൊണ്ട് ഒന്നും നഷ്ടമായില്ല. പാർട്ടി എനിക്ക് വേണ്ടത്ര പരിഗണന എല്ലാക്കാലത്തും നൽകിയിട്ടുണ്ട്. ഒരു പൊതുപ്രവർത്തകന് സീറ്റ് നൽകുന്നത് മാത്രമല്ല അംഗീകാരം. പാർട്ടി ചുമതലകൾ ഏല്പിക്കുന്നതും അംഗീകാരമാണ്. അവഗണിച്ചെന്നൊന്നും എനിക്ക് തോന്നിയിട്ടില്ല.
യു.ഡി.എഫ് കൺവീനർ സ്ഥാനവും തുടരുകയാണല്ലോ. രണ്ടും ഒരുമിച്ച് എങ്ങനെ കൈകാര്യം ചെയ്യും ?
രണ്ടും കൂടി ഒരുമിച്ച് കൊണ്ടുപോകുകയാണ് ഇപ്പോൾ. അതിൽ വലിയ വിഷമമില്ല. കൺവീനർ സ്ഥാനം ഒഴിയണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. കൺവീനറായി മറ്റൊരാൾ വേണമെന്ന് പാർട്ടി തീരുമാനിച്ചാൽ ഞാൻ അംഗീകരിക്കും.