school
വിദ്യാലയങ്ങൾ ലഹരിവിമുക്തമാക്കാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ രൂപീകരണം ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. സജിമോൾ അഗസ്റ്റിൻ, സിസ്റ്റർ ഡോ. വിനീത, ജില്ലാ ജഡ്‌ജിമാരായ കെ. സത്യൻ, ഡോ. കൗസർ ഇടപകത്ത്, ഡി.സി.പി ജി. പൂങ്കുഴലി, കെ. ശകുന്തള, ചന്ദ്രശേഖരൻ നായർ, ഡോ. ഡീനു ചാക്കോ എന്നിവർ സമീപം.

കൊച്ചി: വിദ്യാലയങ്ങളെ ലഹരിവിമുക്തമാക്കുകയെന്ന ലക്ഷ്യത്തിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി (ഡി.എൽ.എസ്.എ) യുടെ നേതൃത്വത്തിൽ സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ രൂപീകരണം ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഉദ്ഘാടനം ചെയ്തു.
ഡി.എൽ.എസ്.എ ചെയർമാൻ പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി ഡോ. കൗസർ ഇടപകത്ത് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നത് 70 ശതമാനം വിദ്യാർത്ഥികളും ലഹരിയുടെ വഴിയിലേക്ക് എത്തിപ്പെടാനുള്ള അതിഗുരുതരമായ സാഹചര്യമാണ് നിലവിലേതെന്ന് അദ്ദേഹം പറഞ്ഞു. വിവിധ വകുപ്പുകളെ ഏകീകരിച്ച് ലഹരിക്കെതിരെ കർമ്മ പരിപാടികൾ ആവിഷ്കരിക്കും. ശിശു സൗഹൃദ നിയമ സേവനങ്ങൾ വ്യാപകമാക്കാനും നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സി.ബി.ഐ സ്‌പെഷ്യൽ ജഡ്‌ജി കെ. സത്യൻ, ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ജി. പൂങ്കുഴലി, എക്‌സൈസ് ജോയിന്റ് കമ്മിഷണർ കെ.എ. നെൽസൻ, എ.ഡി.എം. ചന്ദ്രശേഖരൻ നായർ, ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ കെ. ശകുന്തള, സെന്റ് തെരേസാസ് കോളേജ് ഡയറക്ടർ സിസ്റ്റർ ഡോ. വിനീത, പ്രിൻസിപ്പൽ ഡോ. സജിമോൾ അഗസ്റ്റിൻ, സബ് ജഡ്‌ജി വി. ജി. ശാലീന നായർ, ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ മജിസ്‌ട്രേറ്റ് രഞ്ജിത് കൃഷ്ണൻ, മാനസികാരോഗ്യ വിദഗ്ദ്ധൻ ഡോ. ഡീനു ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.