madhavchandran
ആർ. മാധവ് ചന്ദ്രൻ

കൊച്ചി : സാമൂഹ്യപ്രവർത്തകനും ബിസിനസ് സംരംഭകനുമായ ആർ. മാധവ് ചന്ദ്രൻ കേരളവും തമിഴ്നാടും ഉൾപ്പെടുന്ന റോട്ടറി ഡിസ്ട്രിക്ട് 3201 ന്റെ ഗവർണറായി ഈമാസം 30 ന് നിലവിലെ ഗവർണർ എ.വി. പതിയിൽ നിന്ന് ചുമതലയേൽക്കും. കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ രാവിലെ പത്തിന് 1500 പ്രതിനിധികൾ പങ്കെടുക്കുന്ന സ്ഥാനാരോഹണ ചടങ്ങിൽ റോട്ടറി ഇന്റർനാഷണൽ ഡയറക്ടർ കമാൽ സാംഘ്വി മുഖ്യാതിഥിയാകും.146 റോട്ടറികളുടേയും പ്രസിഡന്റുമാരും സെക്രട്ടറിമാരും സ്ഥാനമേൽക്കും.

ഹെെബി ഈഡൻ എം.പി., ജില്ലാ കളക്ടർ ഇ. സുഹാസ്, കെ.എം.എ പ്രസിഡന്റ് ദിനേശ് തമ്പി, അമൃത മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, ലൂർദ് ആശുപത്രി ഡയറക്ടർ ഫാ. ഷെെജു അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിക്കും.

ഹ്യൂമൻ മിൽക്ക് ബാങ്കുൾപ്പെടെ 20 കോടി രൂപയുടെ ക്ഷേമ പദ്ധതികൾ

റോട്ടറി ഈവർഷം നടപ്പാക്കുമെന്ന് നിയുക്ത ഗവർണർ ആർ. മാധവ് ചന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എറണാകുളം ജനറൽ ആശുപത്രി, തൃശൂർ ജൂബിലി ആശുപത്രി, കൊളംബോ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ വൻനഗരങ്ങളിലുള്ള ഹ്യൂമൻ മിൽക്ക് ബാങ്കുകൾ തുടങ്ങും. പാസ്ചറെെസേഷൻ, ഫ്രീസിംഗ് എന്നിവയിലൂടെ ആറുമാസം വരെ മുലപ്പാൽ കേടുകൂടാതെ ബാങ്കുകളിൽ സൂക്ഷിക്കാൻ സാധിക്കും.

അമൃത ആശുപത്രിയുമായി സഹകരിച്ച് ആറു കോടി ചെലവിൽ 200 കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയകൾ നടത്തും. കൊച്ചിയിൽ എട്ടും ആറും മെഷീനുകൾ ഉൾക്കൊള്ളുന്ന രണ്ട് ഡയാലിസിസ് യൂണിറ്റുകൾ, കോയമ്പത്തൂർ ഗംഗാ ആശുപത്രിയിൽ തീപ്പൊള്ളലേറ്റ രോഗികൾക്ക് അഞ്ച് കോടി രൂപയുടെ ഹോപ് ആഫ്റ്റർ ഫയർ പദ്ധതി, റെസ്പോൺസിബിൾ ഇന്ത്യ പദ്ധതിയിൽ 150 സ്കൂളുകൾ ഏറ്റെടുക്കൽ എന്നിവയാണ് മറ്റു പദ്ധതികളെന്ന് അദ്ദേഹം പറഞ്ഞു.