കൊച്ചി: നഗരത്തിലെ മാലിന്യം ബ്രഹ്മപുരത്തെ സംസ്കരണ പ്ലാന്റിൽ എത്തിക്കുന്ന സ്വകാര്യ ടിപ്പർ ലോറികൾക്കുള്ള നിരക്ക് വീണ്ടും ദിവസ വാടക അടിസ്ഥാനത്തിലാക്കാൻ നഗരസഭ തീരുമാനിച്ചു. ലോറിയിൽ കയറ്റിക്കൊണ്ടുപോകുന്ന മാലിന്യത്തിന്റെ ഭാരം അടിസ്ഥാനപ്പെടുത്തി നിരക്ക് നൽകുന്ന രീതി ചെലവേറിയതാണെന്നു വ്യക്തമായതിനെ തുടർന്നാണാണ് പഴയരീതി തുടരാൻ ആരോഗ്യകാര്യ സ്ഥിരം സമിതി നിർദേശിച്ചത്. ഇത് കൗൺസിൽ യോഗം അംഗീകരിച്ചു.
ദിവസ വാടയ്‌ക്കെടുക്കുന്ന ലോറിയിൽ കുറഞ്ഞത് നാലുടൺ മാലിന്യമെങ്കിലും കയറ്റിയാവണം ട്രിപ്പ് എന്ന വ്യവസ്ഥ ഉൾപ്പെടുത്തണമെന്നും ഒരു ദിവസം ഒരു ലോറി നടത്തേണ്ട ട്രിപ്പുകളുടെ എണ്ണം നിശ്ചയിക്കണമെന്നും മുൻ ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ വി.കെ. മിനിമോൾ നിർദേശിച്ചു. നിർദേശത്തെ ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദും പിന്താങ്ങി. ഇതുൾപ്പെടെ നിർദേശങ്ങളും ടെൻഡർ വ്യവസ്ഥയിൽ ഉൾപ്പെടുത്താമെന്നു മേയർ സൗമിനി ജെയിനും വ്യക്തമാക്കി. 'കവചിത വാഹനം' എന്ന വ്യവസ്ഥ തെറ്റിദ്ധാരണ സൃഷ്ടിക്കുമെന്നതിനാൽ ലോറിയിൽ മാലിന്യം മൂടിയായിരിക്കണം കൊണ്ടു പോകേണ്ടതെന്നു തിരുത്താൻ മേയർ നിർദേശിച്ചു.

# ടെൻഡർ നിരക്ക് കുറയ്ക്കണം

ടെൻഡറിനുള്ള നിരതദ്രവ്യം 7.5 ലക്ഷമെന്ന നിർദേശം 5 ലക്ഷമാക്കി കുറയ്ക്കണമെന്നും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ മാലിന്യനീക്കത്തിനു ലോറി നൽകി മുൻപരിചയമുള്ളവരാകണം ടെൻഡറിൽ പങ്കെടുക്കേണ്ടതെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും സി.കെ. പീറ്റർ നിർദേശിച്ചു. അല്ലെങ്കിൽ ടെൻഡറിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

# നഷ്ടമുണ്ടാക്കിയ പരിഷ്കാരം
ടൺ അടിസ്ഥാനത്തിൽ ഭാരം കണക്കാക്കി ലോറികൾക്ക് കൂലി നൽകുന്ന രീതി 2017 മേയ് മുതലാണു നടപ്പാക്കിയത്. 2015 -16ൽ 3.22 കോടിയും 16 -17ൽ 3.68 കോടിയുമാണ് മാലിന്യ നീക്കത്തിനുള്ള ലോറികളുടെ ദിവസ വാടക ഇനത്തിൽ നഗരസഭക്കു ചെലവായത്. ഭാരം അനുസരിച്ചു നിരക്കു നൽകുന്ന രീതി നടപ്പാക്കിയ 2017 മേയ് മുതൽ കഴിഞ്ഞ മാർച്ച് വരെ ചെലവ് 11.64 കോടി രൂപയായി ഉയർന്നു. 2017 -18ലെ ഓഡിറ്റ് റിപ്പോർട്ടിൽ മാലിന്യനീക്കത്തിൽ വൻ സാമ്പത്തികനഷ്ടം വരുന്നതായും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കരാറിൽ വേണ്ട മാറ്റങ്ങൾ വരുത്തണമെന്നും നിർദേശിച്ചു. ഇതുകൂടി പരിഗണിച്ചാണ് ആരോഗ്യ സ്ഥിരം സമിതി തീരുമാനം.

പുതിയ കരാറിനായി ടെൻഡർ ക്ഷണിക്കുമ്പോൾ നഗരസഭയുടെ കിഴക്കും പടിഞ്ഞാറും മേഖലയ്ക്കായി പ്രത്യേകം നിരക്ക് രേഖപ്പെടുത്തണം. ജൈവ, അജൈവ മാലിന്യങ്ങൾ പ്രത്യേകം വാഹനങ്ങളിൽ കൊണ്ടുപോകണമെന്നും വ്യവസ്ഥ ചെയ്യും.