നികുതി കൃത്യമായി പിരിക്കാൻ സർവേ നടത്തി മാസ്റ്റർ പ്ളാൻ തയ്യാറാക്കാൻ നീക്കം

കൊച്ചി: കൊച്ചി കോർപ്പറേഷന്റെ കെട്ടിടനികുതിയുൾപ്പടെ കൃത്യമായി പിരിച്ചെടുക്കാൻ സർവേയും മാസ്റ്റർപ്ളാനും ഒരുക്കിയുള്ള പദ്ധതിക്ക് ഉടനെ തുടക്കമാകും.

ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് ചുമതല. കെട്ടിടങ്ങളുടെയും റോഡുകളുടെയും സർവേ നടത്തി സോഫ്ട്‌വെയർ തയ്യാറാക്കുന്നതാണ് പദ്ധതി.

രണ്ടു വർഷത്തേക്ക് അഞ്ചു കോടി രൂപയാണ് പ്രതിഫലം.

വീടിന്റെ വിസ്തീർണം, കുടുംബാംഗങ്ങളുടെ എണ്ണം, തൊഴിൽ, റോഡുകൾ, ഡ്രെയിനേജ്, കനാൽ തുടങ്ങിയവ മാപ്പിൽ ലഭ്യമാക്കും.


ജിയോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റത്തിലെ (ജി.ഐ.എസ്) മാപ്പ് ലഭ്യമാകുന്നതോടെ നികുതി വരുമാനത്തിൽ വർദ്ധനവുണ്ടാകുമെന്നാണു പ്രതീക്ഷ. നേരത്തേ ചെറുതായിരുന്നപഴയ കെട്ടിടങ്ങളിൽ പലതും വലിപ്പംകൂട്ടി പുതുക്കിപ്പണിതിട്ടും നികുതി പഴയതു തന്നെയാണ്. റവന്യൂ രേഖകളിലെ വിവരങ്ങളും യഥാർത്ഥ അളവുകളും തമ്മിൽ അജഗജാന്തരമുണ്ട്.

വിശദമായി സർവേ നടത്തിയാൽ പുതിയ നികുതി ഈടാക്കാനാകും. ഇങ്ങനെ ജി.ഐ.എസ് മാപ്പിംഗ് നടത്തിയ നഗരങ്ങളിൽ 30 ശതമാനം വരെ കെട്ടിട നികുതി വരുമാനം വർദ്ധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ.

കേന്ദ്രത്തിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെട്ട നഗരങ്ങളിലാണ് ജി.ഐ.എസ് അധിഷ്ഠിത മാസ്റ്റർ പ്ലാൻ തയാറാക്കുന്നത്. കളമശേരി, കോഴിക്കോട്ട് എന്നിവിടങ്ങളിൽ മാപ്പിംഗ് നടന്നുവരുന്നു. കണ്ണൂരിൽ അടുത്ത ആഴ്ച ആരംഭിക്കും.

# അജണ്ട മാറ്റിവച്ചു

ജി.ഐ.എസ് മാപ്പിംഗിന് അനുമതി തേടുന്ന അജണ്ട കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിൽ പരിഗണിച്ചെങ്കിലും പ്രതിപക്ഷത്തിന്റെ വിയോജിപ്പിനെ തുടർന്ന് മാറ്റിവച്ചു. കൃത്യമായ പഠനങ്ങൾ നടത്തിയശേഷം പദ്ധതി നടപ്പിലാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഒരു വർഷം കഴിഞ്ഞാൽ അമൃത് പദ്ധതിയുടെ കാലാവധി അവസാനിക്കും. ജി.ഐ.എസ് നടപ്പിലാക്കാൻ ചുരുങ്ങിയത് ഒരു വർഷം വേണ്ടിവരും. ഈ സാഹചര്യം പരിശോധിക്കണം. ദക്ഷിണ നാവിക സേനയുടെ ആസ്ഥാനം കൊച്ചിയിലായതിനാൽ മാപ്പിംഗിനാവശ്യമായ ഡ്രോൺ ഇമേജുകളെടുക്കാൻ സാധിക്കില്ല. ടി.സി.എസിന്റെ സോഫ്റ്റ്‌വെയറാണ് നഗരസഭ ഉപയോഗിക്കുന്നത്. ജി.ഐ.എസ് നടപ്പിലാക്കുന്നത് സംബന്ധിച്ച സർക്കാരിന്റെ ഓർഡറിൽ പ്രത്യേക സോഫ്‌റ്റ് വെയർ സംവിധാനം എടുത്തുപറഞ്ഞിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ചാകണം ജി.ഐ.എസ് നടപ്പിലാക്കുന്നതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതോടെയാണ് അജണ്ട മാറ്റിവച്ചത്.