1
ഗവ.ഹോമിയോ ഡിസ്‌പെൻസറി

തൃക്കാക്കര : ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച തൃക്കാക്കര നഗരസഭ ഗവ. ഹോമിയോ ഡിസ്‌പെൻസറി കെട്ടിടം പ്രവർത്തനം ആരംഭിച്ച് ആദ്യമഴയിൽ തന്നെ ചോർന്നൊലിച്ചു.

കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സിൽ 2015 സെപ്തംബറിൽ നഗരസഭ മുൻ ഭരണസമിതി ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച് ഉദ്ഘാടനം ചെയ്തതാണ് കെട്ടിടം. നിർമ്മാണത്തിലെ അപാകതയും സ്ഥലപരിമിതിയും മൂലം ചില കൂട്ടിച്ചേർക്കലുകൾക്കൊടുവിൽ കഴിഞ്ഞ ജനുവരിയിലാണ് പ്രവർത്തനം ആരംഭിച്ചത്.

ഫാർമസിയും അതിനോടുചേർന്ന മുറിയുമാണ് ചോർന്നൊലിക്കുന്നത്. ഡോക്ടറുടെ പരാതിയെ തുടർന്ന് നഗരസഭ കെട്ടിടത്തിന്റെ മുകളിൽ ഷീറ്റിട്ട് ചോർച്ച പരിഹരിക്കാനുള്ള ശ്രമങ്ങളിലാണിപ്പോൾ.

കാക്കനാട് എൻ .ജി .ഓ ക്വാർട്ടേഴ്സ് ജംഗ്ഷനിലെ ഗവ.ഹോമിയോ ഡിസ്‌പെൻസറി മെട്രോക്കായി ഏറ്റെടുത്തപ്പോഴാണ് എൻ .പി .ഓ എല്ലിന് സമീപത്ത് പുതിയ കെട്ടിടം നിർമ്മിച്ചത്.

ഡിസ്‌പെൻസറിക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളൊന്നും തന്നെ കെട്ടിടത്തിലുണ്ടായിരുന്നില്ല. പുതിയ നഗരസഭാ ഭരണ സമിതിയാണ് കെട്ടിടത്തിൽ വൈദ്യുതി, ജല കണക്ഷനുകൾ ഒരുക്കിയത്. മുൻവശം രോഗികൾക്ക് ഇരിക്കുവാനും മറ്റുമായി ഷീറ്റും ഇട്ട ശേഷം ഡിസ്‌പെൻസറി പ്രവർത്തനം ആരംഭിക്കുകയായിരുന്നു. ചുറ്റുമതിൽ ഇല്ലാത്തതിനാൽ നേരം ഇരുട്ടിയാൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടമാണ് ഡിസ്പെൻസറി വളപ്പിലെന്ന് സമീപത്തെ കച്ചവടക്കാർ പറയുന്നു. തൃക്കാക്കര പൊലീസ് പലതവണ രാത്രിയിൽ ചിലരെ പിടികൂടിയിരുന്നു.